കലാപം തുടരുന്ന മണിപ്പൂരില്‍ നിയമസഭാ സമ്മേളനം 29 ന് നടക്കും; കുക്കി എംഎല്‍എമാര്‍ പങ്കെടുക്കില്ല

ഇംഫാല്‍: മണിപ്പൂര്‍ നിയമസഭാ സമ്മേളനം 29 ന് നടക്കും. കലാപം തുടങ്ങിയശേഷം ആദ്യമായാണ് സഭ ചേരുന്നത്. 40 മെയ്‌തെയ് എംഎല്‍എമാരും 10 നാഗാ എംഎല്‍എമാരും പങ്കെടുത്തേക്കും. പ്രത്യേക ഭരണപ്രദേശം ആവശ്യപ്പെടുന്ന 10 കുക്കി എംഎല്‍എമാര്‍ പങ്കെടുക്കില്ല. ബിരേന്‍ സിങ് സര്‍ക്കാരുമായി സഹകരിക്കേണ്ട എന്ന നിലപാടാണ് കുക്കി എംഎല്‍എമാര്‍ക്കുള്ളത്. ഇതില്‍ 8 പേര്‍ ബിജെപി അംഗങ്ങളാണ്. മണിപ്പുരിന്റെ പ്രാദേശിക അഖണ്ഡത നിലനിര്‍ത്തണമെന്നാണു മെയ്‌തെയ് സംഘടനകളുടെ ആവശ്യം. ഇക്കാര്യം സഭ ചര്‍ച്ചചെയ്യും.

അതേസമയം പ്രത്യേക ഭരണപ്രദേശം ആവശ്യപ്പെടുന്ന കുക്കി, നാഗ ഗോത്രങ്ങള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസവും രൂക്ഷമായി. കുക്കികള്‍ അവകാശപ്പെട്ട പ്രദേശങ്ങളില്‍ ചിലത് തങ്ങളുടെ പരമ്പരാഗത ഭൂമിയാണെന്ന് നാഗകള്‍ പറയുന്നു. തെഗ്‌നാപാല്‍ ഉള്‍പ്പെടെയുള്ള ജില്ലകളിലെ പ്രദേശങ്ങളിലാണ് കുക്കികള്‍ അവകാശം ഉന്നയിച്ചത്. കേന്ദ്ര സര്‍ക്കാരുമായി കരാറിലേര്‍പ്പെട്ട കുക്കി സായുധ ഗ്രൂപ്പുകള്‍ നടത്തിയ ചര്‍ച്ചയില്‍ പുതിയ സംസ്ഥാനത്തിന്റെ ഭൂപടം കൈമാറിയിരുന്നു. ഇതാണ് നാഗാ ഗോത്രങ്ങളെ ചൊടിപ്പിച്ചത്. അന്തിമ കരാര്‍ സംബന്ധിച്ച ചര്‍ച്ച ഈ മാസം ആരംഭിക്കാനിരിക്കേയാണിത്.

Top