നിയമസഭാ സമ്മേളനം വിളിക്കണമെന്ന ഗെഹ്ലോട്ടിന്റെ ആവശ്യം ഗവര്‍ണര്‍ നിരസിച്ചു

ജയ്പുര്‍: നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്നാവശ്യപ്പെട്ടുള്ള രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ അപേക്ഷ ഗവര്‍ണര്‍ വീണ്ടും തള്ളി. ഗവര്‍ണര്‍ കല്‍രാജ് മിശ്രയാണ് രണ്ടാം തവണയും അപേക്ഷ നിരസിച്ചത്. സംസ്ഥാന പാര്‍ലമെന്ററി കാര്യ വകുപ്പിന് നിയമസഭ ചേരുന്നതുമായി ബന്ധപ്പെട്ട ഫയലുകള്‍ ഗവര്‍ണര്‍ തിരിച്ചയച്ചു. ഒപ്പം സര്‍ക്കാരില്‍ നിന്ന് ഗവര്‍ണര്‍ കൂടുതല്‍ വിവരങ്ങള്‍ ആരായുകയും ചെയ്തു.

വെള്ളിയാഴ്ച മുതല്‍ നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കണമെന്നായിരുന്നു ഗെഹ്ലോട്ട് ആവശ്യപ്പെട്ടിരുന്നത്. ഗവര്‍ണറുടെ തീരുമാനത്തിനെതിരെ നേരത്തെ അശോക് ഗെഹ്ലോട്ട് എംഎല്‍എമാര്‍ക്കൊപ്പം രാജ്ഭവനില്‍ ധര്‍ണ നടത്തിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ തള്ളിയ ഗവര്‍ണര്‍ നിയമസഭ വിളിക്കാന്‍ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ടെന്ന് പ്രതികരിച്ചിരുന്നു.

രാജസ്ഥാനില്‍ വിമത എംഎല്‍എമാര്‍ക്കെതിരെയുള്ള അയോഗ്യത നടപടികള്‍ തടഞ്ഞ ഹൈക്കോടതി നിര്‍ദേശത്തിനെതിരെ സ്പീക്കര്‍ സിപി ജോഷി നല്‍കിയ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഗെഹ്ലോട്ട് – പൈലറ്റ് ക്യാമ്പുകള്‍ക്ക് നിര്‍ണായകമാണ് സുപ്രിംകോടതിയുടെ ഇന്നത്തെ ഉത്തരവ്. ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കണമെന്നായിരുന്നു വ്യാഴാഴ്ച ഹര്‍ജി പരിഗണവേ സുപ്രീം കോടതി വ്യക്തമാക്കിയത്.

Top