നിയമസഭാ കയ്യാങ്കളിക്കേസ്; സുപ്രീംകോടതി വിധി ചരിത്രത്തിന്റെ ഭാഗമെന്ന് കെ സുധാകരന്‍

sudhakaran

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസ് പിന്‍വലിക്കാന്‍ കഴിയില്ലെന്ന സുപ്രീംകോടതി വിധി ചരിത്രത്തിന്റെ ഭാഗമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. മന്ത്രി വി ശിവന്‍കുട്ടി രാജിവക്കണമെന്നും പൊതുഖജനാവിലെ ഫണ്ട് ദുര്‍വിനിയോഗം ചെയ്യാന്‍ അനുമതി നല്‍കിയ മുഖ്യമന്ത്രി മറുപടി പറയണമെന്നും സുധാകരന്‍ പ്രതികരിച്ചു.

എന്ത് മനോഹരമായ പദമാണ് സുപ്രിംകോടതി ഉപയോഗിച്ചത്. ക്രിമിനല്‍ കുറ്റത്തിന് നിയമസഭയുടെ പരിരക്ഷ അവകാശപ്പെടാന്‍ സാധിക്കില്ല എന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ജനപക്ഷത്ത് നിന്ന് സമരം ചെയ്യുമ്പോള്‍ ഇങ്ങനെയൊക്കെ വേണമെന്നായിരുന്നു ശിവന്‍കുട്ടിയുടെ പ്രതികരണം. ജനപക്ഷത്ത് നിന്നുള്ള സമരമാണ് അവര്‍ ചെയ്തതെന്ന് ആര്‍ക്കെങ്കിലും തോന്നിയോ? നീതി ന്യായ വ്യവസ്ഥയ്ക്ക് പോലും തോന്നിയില്ല.

കേരളത്തിലെ ക്രിമിനലുകളെ സംരക്ഷിക്കാന്‍ എത്ര കോടി ചിലവഴിച്ചുവെന്ന് മുഖ്യമന്ത്രി കണക്ക് പറയണം. കൊലക്കേസില്‍ പ്രതികളായ സിപിഐഎമ്മിന്റെ അണികളെ രക്ഷിക്കാന്‍ അപ്പീല്‍ പോകുന്നതും ക്രിമിനലുകള്‍ക്ക് പിന്തുണ നല്‍കാന്‍ ഖജനാവിന്റെ പണം ചെലവഴിക്കുന്നതും പൊതു സമൂഹത്തിന്റെ പണമാണെന്ന് മുഖ്യമന്ത്രി ഓര്‍ക്കണം. ആരെ സംരക്ഷിക്കാനാണ് ഖജനാവിലെ പണമൊക്കെ ഉപയോഗിച്ചതെന്നും സുധാകരന്‍ ചോദിച്ചു.

 

 

Top