നിയമസഭാ കയ്യാങ്കളി കേസ് ഇന്ന് കോടതിയില്‍

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസ് ഇന്ന് കോടതി പരിഗണിക്കും. വിചാരണയ്ക്ക് മുന്നോടിയായുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് കേസ് പരിഗണിക്കുന്നത്. ഇന്ന് പ്രതികൾ ഹാജരാകണമെന്ന് നിർബന്ധമില്ല.

മന്ത്രി വി.ശിവൻകുട്ടി അടക്കം ആറു പ്രതികളെയും കോടതി കുറ്റപത്രം വായിച്ചു കേൾപ്പിച്ചിരുന്നു. പ്രതികൾ കുറ്റം നിഷേധിക്കുകയും ചെയ്തു. തെളിവുകളും രേഖകളും ദൃശ്യങ്ങളും പ്രതികൾക്ക് കൈമാറാനുള്ള കോടതി നിർദ്ദേശത്തിന്റെ തുടർനടപടികളും ഇന്നുണ്ടാകും. വിചാരണ എന്ന് ആരംഭിക്കും എന്നതിലും ഇന്ന് വ്യക്തതയുണ്ടാകും.

വി ശിവൻകുട്ടി, ഇ പി ജയരാജൻ, കെ ടി ജലീൽ എംഎൽഎ, കെ അജിത്, സി കെ സദാശിവൻ, കെ കുഞ്ഞുമുഹമ്മദ് എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്. 2015 മാർച്ച് 13ന് ബാർ കോഴക്കേസിൽ പ്രതിയായ കെ എം മാണിയുടെ ബജറ്റ് അവതരണം പ്രതിപക്ഷം തടസപ്പെടുത്തുന്നതിനിടെയാണ് സംഘർഷമുണ്ടായത്.

Top