ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെയുള്ള നിയമസഭ പ്രമേയം ഇന്ന്

തിരുവനന്തപുരം: ലക്ഷദ്വീപ് ജീവിതത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അഡ്മിനിസ്‌ട്രേറ്ററുടെ നടപടിക്കെതിരെ സംസ്ഥാന നിയമസഭ ഇന്ന് പ്രമേയം പാസാക്കും. ലക്ഷദ്വീപുകാരുടെ ജീവനും ഉപജീവന മാര്‍ഗവും സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും അഡ്മിനിസ്‌ട്രേറ്ററെ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടുള്ള പ്രമേയം മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിക്കും.

പൂര്‍ണപിന്തുണ നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ പ്രമേയം ഏകകണ്‌ഠേന പാസാകും. ശ്യൂന്യവേളയില്‍ ചരമോപചാരത്തിനുശേഷമാകും ചട്ടം 118 അനുസരിച്ചുള്ള പ്രമേയം മുഖ്യമന്ത്രി സഭയില്‍ അവതരിപ്പിക്കുക. പ്രതിപക്ഷ നേതാവ് സംസാരിച്ചശേഷം ഭരണപക്ഷ, പ്രതിപക്ഷത്തുനിന്ന് രണ്ടുപേര്‍ വീതം പ്രമേയത്തെ അധികരിച്ച് സംസാരിക്കും.

ശ്രദ്ധക്ഷണിക്കലും ഉപക്ഷേപവും ഇന്നത്തെ നിയമസഭയില്‍ ഒഴിവാക്കും. ഈയാഴ്ച ചോദ്യോത്തരവേളയും ഉണ്ടാകില്ല. അതേസമയം നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായി ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചക്ക് ഒരു വനിതാ അംഗം തുടക്കമിടും. സി.പി.എം നിയമസഭാ കക്ഷി വിപ്പും മുന്‍ ആരോഗ്യ മന്ത്രിയുമായ കെ.കെ.ശൈലജയാകും പ്രമേയം അവതരിപ്പിച്ച് ചര്‍ച്ചക്ക് തുടക്കമിടുക.

നന്ദിപ്രമേയ ചര്‍ച്ച മൂന്നുദിവസം തുടരും. നിയമസഭയില്‍ നന്ദിപ്രമേയം ശൈലജ അവതരിപ്പിക്കുന്നതോടെ ഇതിന് വനിതയെ നിയോഗിക്കുന്ന ആദ്യ രാഷ്ട്രീയ പാര്‍ട്ടി കൂടിയായി സി.പി.എം മാറി.

Top