നെഹ്റു കുടുംബം നേതൃരംഗത്ത് പരാജയം, പുതിയ പ്രതിപക്ഷ ചേരി ഇനി അനിവാര്യം

ഹാരാഷ്ട്രയിലും ഹരിയാനയിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അത് കോണ്‍ഗ്രസിന്റെ മരണമണിയായി മാറും. പുതിയ പ്രതിപക്ഷ ചേരിയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിനായിരിക്കും അത്തരമൊരു സാഹചര്യത്തില്‍ രാജ്യം സാക്ഷ്യം വഹിക്കുക.

അടിയന്തിരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിക്കെതിരെ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ സോഷ്യലിസ്റ്റുകളും കമ്യൂണിസ്റ്റുകളുമടക്കം ഉയര്‍ത്തികൊണ്ടുവന്ന പ്രതിഷേധവും ജനതാസര്‍ക്കാരിന്റെ പിറവിയും പോലെയൊരു രാഷ്ട്രീയ മാറ്റം മോഡിക്കെതിരെ സാധ്യമാകുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകരും ഉറ്റുനോക്കുന്നത്.

പരാജയത്തില്‍ നിന്നും ഫീനിക്‌സ് പക്ഷിയെപ്പോലെ കോണ്‍ഗ്രസിനെ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ച ഇന്ദിരാഗാന്ധിയെപ്പോലൈാരു നേതാവിന്റെ അഭാവമാണിന്ന് കോണ്‍ഗ്രസ് നേരിടുന്ന പ്രധാന വെല്ലുവിളി. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തെതുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച രാഹുല്‍ഗാന്ധി, നേതൃത്വതലത്തിലെ ചര്‍ച്ചകളിലും കൂടിയാലോചനകളിലും പങ്കെടുക്കാതെ നിര്‍ജീവമായിരിക്കുകയാണിപ്പോള്‍. നെഹ്‌റു കുടുംബത്തിന്റെ പരമ്പരാഗത സീറ്റായ അമേഠിയില്‍പോലും പരാജയപ്പെട്ട രാഹുല്‍, വയനാട് എം.പി എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ മാത്രമാണിപ്പോള്‍ നടത്തുന്നത്.

രാഹുലിന് പകരമായെത്തിയ സോണിയ ഗാന്ധിക്ക് ആക്ടിങ് പ്രസിഡന്റെന്ന നിലയിലും കോണ്‍ഗ്രസിനെ ഉണര്‍ത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രിയങ്കഗാന്ധിക്കാവട്ടെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായിട്ടും യു.പിയില്‍പോലും കോണ്‍ഗ്രസിന് പുതുജീവന്‍ നല്‍കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. ഭര്‍ത്താവ് റോബര്‍ട്ട് വാധ്രക്കെതിരായ കേസുകളും ഇന്ദിര ഗാന്ധിയുടെ പന്‍ഗാമിയായി വാഴ്ത്തുപ്പെടുന്ന പ്രിയങ്കയുടെ പോരാട്ടത്തിന് വലിയ വിലങ്ങുതടിയാണ്.

കോണ്‍ഗ്രസില്‍ നിന്നും നേതാക്കള്‍ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് ഒഴുകുന്നതിനാല്‍ പ്രവര്‍ത്തകര്‍ക്കും ആത്മവിശ്വാസം നഷ്ടമായി കഴിഞ്ഞു. 2014ല്‍ 44 സീറ്റെന്ന നാണംകെട്ട പരാജയത്തിനേക്കാള്‍ എട്ട് സീറ്റ് കൂടി 52 സീറ്റെന്ന നിലയില്‍ പ്രതിപക്ഷത്തെ വലിയ പാര്‍ട്ടിയെന്ന സ്ഥാനം ഇപ്പോഴും കോണ്‍ഗ്രസിനാണുള്ളത്. എന്നാല്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എയുടെ 303 സീറ്റിന്റെ മൃഗീയ ഭൂരിപക്ഷത്തിനു മുന്നില്‍ പതറിപ്പോകുന്ന നേതൃത്വമാണ് ആ പാര്‍ട്ടിയുടെ ശാപം.

മോഡി സര്‍ക്കാരിനെതിരെ സിപിഎം ഉയര്‍ത്തുന്ന വിമര്‍ശനംപോലും കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നും നിലവില്‍ ഉണ്ടാകുന്നില്ല. മഹാരാഷ്ട്രയിലും ഹരിയാനയിലും ഫലപ്രഖ്യാപനത്തിനു മുമ്പേ തകര്‍ന്നടിഞ്ഞ അവസ്ഥയിലാണ് കേണ്‍ഗ്രസ്. ഭരണം ലഭിക്കില്ലെന്ന് കണക്കുകൂട്ടുന്ന കോണ്‍ഗ്രസ് നേതൃത്വത്തിന് തകര്‍ച്ച എത്രവരെയാകുമെന്നുമാത്രമാണ് ഇനി അറിയാനുള്ളത്.

കേന്ദ്ര സര്‍ക്കാരിനെതിരെ സാമ്പത്തികരംഗത്തെ തകര്‍ച്ചയും പട്ടിണിയും തൊഴിലില്ലായ്മയും കര്‍ഷക ആത്മഹത്യകളുമടക്കം നിരവിധി വിഷയങ്ങളുണ്ടായിട്ടും അവയൊല്ലാം പ്രക്ഷോഭമാക്കി ഉയര്‍ത്താനുള്ള ശേഷിപോലും കോണ്‍ഗ്രസിന് നഷ്ടമായിരിക്കുന്നു. ദുര്‍ബലമായ സംഘടനാസംവിധാനത്തില്‍ നിന്നുകൊണ്ട് മഹാരാഷ്ട്രയിലടക്കം കര്‍ഷക പ്രക്ഷോഭങ്ങള്‍ നയിച്ചത് സി.പി.എമ്മിന്റെ കര്‍ഷക സംഘടന മാത്രമാണ്.

സിപിഎമ്മിന്റെ സംഘടനാ സംവിധാനം ദുര്‍ബലമായതിനാലാണ് രാജസ്ഥാനിലും മധ്യപ്രദേശിലുമടക്കം കര്‍ഷക പ്രക്ഷോഭത്തിന്റെ ഗുണഫലം കോണ്‍ഗ്രസിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചിരുന്നത്. യാതാര്‍ത്ഥ്യം ഇതായിട്ടും കോണ്‍ഗ്രസ് നേതാക്കളുടെ അഹങ്കാരത്തിനും തമ്മിലടിക്കും പക്ഷെ ഒരു കുറവും വന്നിരുന്നില്ല. ഇതിനുള്ള തിരിച്ചടിയാണ് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഈ രണ്ട് സംസ്ഥാനങ്ങളിലും അവരെ വാഷ്ഔട്ട് ആക്കി മാറ്റിയിരുന്നത്.

മഹാരാഷ്ട്രയിലും തിരികെ ഭരണം പിടിക്കാനുള്ള എല്ലാ സാധ്യതകളും നഷ്ടമായ അവസ്ഥയിലാണിപ്പോള്‍ കോണ്‍ഗ്രസുളളത് . കശ്മീരിന് പ്രത്യേക ഭരണഘടനാപദവി എടുത്തുകളഞ്ഞ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനുള്ള ജനവിധിയായിരിക്കും മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും തെരഞ്ഞെടുപ്പെന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്.

കര്‍ഷക ആത്മഹത്യകളും ജി.എസ്.ടിയും നോട്ടുനിരോധനം വരുത്തിയ സാമ്പത്തിക തകര്‍ച്ചയൊന്നുമായിരിക്കില്ല രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മഹാരാഷ്ട്രയിലും ഹരിയാനയിലും വിധി നിര്‍ണയിക്കാന്‍ പോകുന്നത്. അക്കാര്യം ഏകദേശം ഉറപ്പാണ്. ഇത്തരമൊരു സാഹചര്യം സൃഷ്ടിച്ചത് തന്നെ കോണ്‍ഗ്രസാണ്. സര്‍ക്കാരിനെതിരെ ഫലപ്രദമായി ഒരു ചെറുവിരല്‍ അനക്കാന്‍ പേലും കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല.

അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ തന്നെയാണ് ബി.ജെ.പി രണ്ടാമതും മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തികാണിക്കുന്നത്.

140 നിയോജകമണ്ഡലങ്ങളിലൂടെ 4000 കിലോ മീറ്റര്‍ സഞ്ചരിച്ച് ദേവേന്ദ്ര ഫഡ്‌നാവിസിന്റെ മഹാജനദേശ് യാത്ര വലിയ ആത്മവിശ്വാസമാണ് ബി.ജെ.പിക്ക് സമ്മാനിച്ചിരിക്കുന്നത്. ഇതിന് അടുത്തെത്താന്‍ പറ്റുന്ന ഒരു പ്രവര്‍ത്തനം പേലും സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസിനും എന്‍സിപിക്കും കഴിഞ്ഞിട്ടില്ല. ശക്തി കേന്ദ്രങ്ങള്‍ ചെറുതെങ്കിലും അവിടെയെങ്കിലും കാവിപ്പടയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ സിപിഎമ്മിന് പോലും കഴിഞ്ഞിട്ടുട്ടുണ്ട്‌.

288 അംഗ നിയമസഭയില്‍ തനിച്ചു ഭരിക്കാമെന്ന ആത്മവിശ്വാസത്തിലാണിപ്പോള്‍ ബി.ജെ.പി. മഹാരാഷ്ട്രയില്‍ വല്യേട്ടനായിരുന്ന ശിവസേനക്ക് പകുതി സീറ്റുപോലും നല്‍കാതെ ഒതുക്കാനും ബി.ജെ.പിക്ക് കഴിഞ്ഞിട്ടുണ്ട്. 288 സീറ്റുകളില്‍ ബി.ജെ.പി 164സീറ്റിലും ശിവസേന 124 സീറ്റുകളിലുമാണ് മത്സരിച്ചത്. ചരിത്രത്തിലാദ്യമായാണ് മഹാരാഷ്ട്രയില്‍ സഖ്യകക്ഷിയായ ശിവസേന ബി.ജെ.പിയേക്കാള്‍ കുറഞ്ഞ സീറ്റില്‍ മത്സരിക്കുന്നത്.

2014ലെ നിയമസഭാ തെരഞ്ഞെടുപ്പിലും സീറ്റുവിഭജനത്തില്‍ ധാരണയാകാഞ്ഞതോടെ ബി.ജെ.പിയും ശിവസേനയും വേറിട്ടാണ് മത്സരിച്ചിരുന്നത്. 122 സീറ്റുമായി ബി.ജെ.പി വലിയ ഒറ്റകക്ഷിയായപ്പോള്‍ ശിവസേന 63 സീറ്റിലാണ് അന്ന് വിജയിച്ചിരുന്നത്. തെരഞ്ഞെടുപ്പിനു ശേഷമായിരുന്നു ഇരുകക്ഷികളും പിന്നീട് സഖ്യമായിരുന്നത്.

അതേസമയം, കഴിഞ്ഞ തവണത്തെ സീറ്റുകളെങ്കിലും നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണിപ്പോള്‍ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യം. അത് എത്രമാത്രം നടക്കുമെന്ന കാര്യം കണ്ട് തന്നെ അറിയേണ്ടതുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെ 48 സീറ്റുകളില്‍ 41 സീറ്റും നേടിയത് എന്‍.ഡി.എയായിരുന്നു. ബി.ജെ.പി 23 എം.പിമാരെ നേടിയപ്പോള്‍ ശിവസേനക്ക് 18 എം.പിമാരെയാണ് ലഭിച്ചിരുന്നത്. യു.പി.എയില്‍ എന്‍.സി.പിക്ക് നാല് സീറ്റ് ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന് ഒറ്റ സീറ്റ്‌കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. അസദുദ്ദീന്‍ ഒവൈസിയുടെ ആള്‍ ഇന്ത്യ മജിലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീനൊപ്പം ഒറ്റ സീറ്റിന്റെ നാണം കെട്ടി പരാജയമാണ് മറാത്ത രാഷ്ട്രീയം കൈയ്യടക്കിയ കോണ്‍ഗ്രസ് എന്ന ദേശീയ പാര്‍ട്ടിക്ക് ഏറ്റുവാങ്ങേണ്ടി വന്നിരുന്നത്.

ലോക്‌സഭ തെരഞ്ഞെടുപ്പിനേക്കാള്‍ വലിയ അനുകൂലതരംഗമാണിപ്പോള്‍ ബി.ജെ.പിക്ക് മഹാരാഷ്ട്രയിലുള്ളത്. കോണ്‍ഗ്രസില്‍ നിന്നും എന്‍.സി.പിയില്‍ നിന്നുമുള്ള നേതാക്കളുടെ ഒഴുക്കാണ് അവര്‍ക്ക് വളമായിരിക്കുന്നത്. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ നേതാക്കളില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. എന്‍.സി.പി നേതാവ് ശരത്പവാറിനെ എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ കുടുക്കിയും പവാറിന്റെ മകന്‍ അജിത് പവാറിനെതിരെ മഹാരാഷ്ട്ര സംസ്ഥാന സഹകരണബാങ്ക് അഴിമതിയില്‍ കേസെടുത്തും ബിജെപി പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

കോണ്‍ഗ്രസും എന്‍.സി.പിയും അവരുടെ ശക്തികേന്ദ്രങ്ങളില്‍പ്പോലും പതറുന്ന കാഴ്ച്ചയാണ് നിലവില്‍ കാണുന്നത്. കോണ്‍ഗ്രസ് കോട്ടകളായ വിദര്‍ഭ,മറാത്ത്‌വാഡ, വടക്കന്‍ മഹാരാഷ്ട്ര, മുംബൈ എന്നിവിടങ്ങളിലെല്ലാം വലിയ തിരിച്ചടിയാണ് അവര്‍ നേരിടുന്നത്.പടിഞ്ഞാറന്‍ മഹാരാഷ്ട്രയില്‍ ശക്തരായിരുന്ന എന്‍.സി.പിയുടെ നിലയും ഏറെ പരുങ്ങലിലാണ്.

അംബേദ്ക്കറുടെ കൊച്ചുമകന്‍ പ്രകാശ് അംബേദ്ക്കറുടെ പാര്‍ട്ടിയായ വഞ്ചിത് ബഹുജന്‍ അഘാഡി കോണ്‍ഗ്രസിന്റെ ദലിത്, മുസ്‌ലീം വോട്ടുബാങ്കാണ് ചോര്‍ത്തുന്നത്. ഇതും കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യത്തിന് തിരിച്ചടിയാവുകയാണ്. സി.പി.എമ്മും കിസാന്‍സഭയും ഉയര്‍ത്തിയ കര്‍ഷകസമരങ്ങളുടെ നേട്ടവും ചെമ്പടയാണ് കൊണ്ടുപോകുക.

ഒരു കാലത്ത് കോണ്‍ഗ്രസിന്റെ കോട്ടയായിരുന്ന ഹരിയാനയില്‍ കഴിഞ്ഞ തവണ ഒറ്റ സീറ്റിന്റെ ഭൂരിപക്ഷത്തിനാണ് ബിജെപി ഭരണം പിടിച്ചിരുന്നത്. ഇവിടെ ബി.ജെ.പിയെ താഴെ ഇറക്കാനുള്ള ഒരു നീക്കവും കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.

കഴിഞ്ഞ തവണത്തേക്കാള്‍ വലിയ തകര്‍ച്ചയായിരിക്കും ഹരിയാനയില്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നതെന്നാണ് അഭിപ്രായ സര്‍വെകളും വ്യക്തമാക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഹരിയാനയിലെ 10 സീറ്റും ബി.ജെ.പിയാണ് നേടിയത്. ഒറ്റ സീറ്റിലും ജയിക്കാത്തതിന്റെ തകര്‍ച്ചയില്‍ നിന്നും കോണ്‍ഗ്രസ് ഇനിയും കരകയറിയിട്ടില്ല.

മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍സിങ് ഹൂഡ, കുമാരി ഷെല്‍ജ, കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല എന്നിവരുടെ നേതൃത്വത്തില്‍ മൂന്നു ക്യാമ്പായാണ് കോണ്‍ഗ്രസ് ഹരിയാനയില്‍ പ്രവര്‍ത്തിക്കുന്നത് . ഏകകക്ഷി ഭരണം അവസാനിപ്പിച്ച് ഇന്ത്യയില്‍ സഖ്യകക്ഷി സര്‍ക്കാരെന്ന ആശയം സമ്മാനിച്ചത് തന്നെ കേരളമായിരുന്നു. കേരളത്തിലെ സഖ്യകക്ഷി സര്‍ക്കാരുകള്‍ നല്‍കിയ ആത്മവിശ്വാസമാണ് കേന്ദ്രത്തിലും സഖ്യകക്ഷി സര്‍ക്കാരുകള്‍ക്ക് പ്രേരണയായിരുന്നത്.

ഒറ്റകക്ഷി ഭരണം എന്ന കോണ്‍ഗ്രസ് അഹന്തയുടെ മോഡലിലാണ് ബിജെപിയും ഇപ്പോള്‍ പോകുന്നത്. അതിനവര്‍ ആയുധമാക്കുന്നതാകട്ടെ ദേശീയ വികാരവുമാണ്. ഇതിനെ ചെറുക്കാന്‍ യോജിച്ചുള്ള പ്രതിപക്ഷ മുന്നേറ്റത്തിന് മാത്രമെ ഇനി സാധ്യതമാവുകയുള്ളു. അതിനാണ് പ്രതിപക്ഷം ശ്രമിക്കേണ്ടത്.

Political Reporter

Top