മോഷണം ‘കുണ്ടാമണ്ടി’; വാഴക്കുല മോഷ്ടിച്ച കഥയ്ക്ക് പിന്നാലെ സര്‍വേക്കല്ല് മോഷണത്തിനെതിരേ മന്ത്രി

തിരുവനന്തപുരം: ചെറുപ്പത്തില്‍ സ്വന്തം വല്യമ്മാവന്റെ തോട്ടത്തില്‍നിന്ന് വാഴക്കുല മോഷ്ടിച്ചതിന്റെ കഥ തുറന്നുപറഞ്ഞതിനു പിന്നാലെ, നാട്ടുകാരുടെ സര്‍വേക്കല്ല് മോഷണത്തിനെതിരേ നിയമസഭയില്‍ മന്ത്രി ജി. സുധാകരന്‍.

കല്ലുമോഷണം ‘കുണ്ടാമണ്ടി’യാണെന്നുള്ള മന്ത്രിയുടെ പ്രയോഗം രേഖകളില്‍നിന്ന് നീക്കട്ടേയെന്ന് സഭ നിയന്ത്രിച്ച ഇ.എസ്. ബിജിമോള്‍ ചോദിച്ചപ്പോള്‍ ‘അതിനെന്താ കുഴപ്പം, തടസ്സം എന്നല്ലേ അര്‍ഥം. അവിടെ കിടക്കട്ടെ’ എന്നായിരുന്നു മന്ത്രിയുടെ മറുപടി.

കരമന-കളിയിക്കാവിള ദേശീയപാതയില്‍ റവന്യൂവകുപ്പ് സ്ഥാപിച്ച കല്ലുകള്‍ മോഷ്ടിച്ചവര്‍ക്ക് റോഡെന്തിനെന്നു ചോദിച്ചാണ് കെ. ആന്‍സലന്റെ സബ്മിഷന് മന്ത്രി മറുപടി പറഞ്ഞുതുടങ്ങിയത്. ഇത്തരം ചീപ്പായ പരിപാടികള്‍ അവസാനിപ്പിക്കണമെന്നും കല്ല് മോഷ്ടിക്കുന്നതടക്കമുള്ള ‘കുണ്ടാമണ്ടി’കളാണ് കാട്ടുന്നതെന്നുമായിരുന്നു മന്ത്രിയുടെ പരാമര്‍ശം.

അതേസമയം മോഷ്ടിച്ചത് നാട്ടുകാരല്ലെന്നും അപമാനിക്കരുതെന്നും വിന്‍സെന്റ് പറഞ്ഞു. ഇതൊന്നും പറഞ്ഞാല്‍ വോട്ടുകിട്ടില്ലെന്നും നിങ്ങളോട് തര്‍ക്കത്തിനില്ലെന്നും പോയി കല്ല് കണ്ടുപിടിക്കെന്നും മന്ത്രി തിരിച്ചടിച്ചു. വാഗ്വാദം മുറുകിയതോടെ ‘എന്നാല്‍ നിങ്ങള്‍ മറുപടി പറയൂ’ എന്നുപറഞ്ഞ് മന്ത്രി ഇരുന്നു. പിന്നാലെ വിന്‍സെന്റും ഇരുന്നതോടെയാണ് മന്ത്രി മറുപടി പുനരാരംഭിച്ചത്.

”കല്ല് സൂക്ഷിക്കാന്‍ എം.എല്‍.എ.ക്കു പറ്റുമോ..? നാട്ടുകാരെ ആക്ഷേപിച്ചിട്ടില്ല. ഇതിനെയൊന്നും പിന്തുണയ്ക്കരുത്. കല്ലുകള്‍ പുനഃസ്ഥാപിക്കാന്‍ കളക്ടറോട് നിര്‍ദേശിച്ചിട്ടുണ്ട്”-മന്ത്രി വ്യക്തമാക്കി.

Top