നിയമസഭ അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്; നയപ്രഖ്യാപനം 28ന്

തിരുവനന്തപുരം: പുതിയ കേരള നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ 139 അംഗങ്ങളും പ്രോടേം സ്പീക്കര്‍ പി ടി എ റഹീമിനു മുമ്പില്‍ സത്യപ്രതിജ്ഞ ചെയ്യും. അംഗങ്ങളുടെ സത്യപ്രതിജ്ഞയോടെയാണ് തിങ്കളാഴ്ച സമ്മേളനം ആരംഭിക്കുക. കോവിഡ് മാനദണ്ഡം കര്‍ശനമായി പാലിച്ചാണ് സമ്മേളനം. സത്യപ്രതിജ്ഞയ്ക്കായി പ്രോടേം സ്പീക്കറെ ചുമതലപ്പെടുത്തിയുള്ള കത്ത് നിയമസഭാ സെക്രട്ടറിക്ക് ഗവര്‍ണര്‍ കൈമാറും.

സെക്രട്ടറി അക്ഷരമാലാ ക്രമത്തില്‍ പേര് വിളിക്കുമ്പോള്‍ ഓരോരുത്തരും നടുത്തളത്തില്‍വന്ന് സത്യപ്രതിജ്ഞ ചെയ്ത് രേഖയില്‍ ഒപ്പ് വയ്ക്കും. ആദ്യം വള്ളിക്കുന്ന് എംഎല്‍എ പി അബ്ദുള്‍ ഹമീദും അവസാനം വടക്കാഞ്ചേരി എംഎല്‍എ സേവ്യര്‍ ചിറ്റിലപ്പള്ളിയും സത്യപ്രതിജ്ഞയെടുക്കും. അംഗങ്ങള്‍ക്ക് രാഷ്ട്രീയ പാര്‍ടി പ്രാതിനിധ്യപ്രകാരം സഭാഹാളില്‍ ഇരിപ്പിടം ക്രമീകരിച്ചു.

140 എംഎല്‍എമാരില്‍ 53 പേര്‍ പുതുമുഖങ്ങളാണ്. 21 അംഗ മന്ത്രിസഭയില്‍ 17 പേരും പുതുമുഖങ്ങളാണ്. അവരില്‍ മൂന്നുപേര്‍ വനിതകളാണ്. ആദ്യമായി നിയമസഭാംഗമാകുന്ന എം.ബി രാജേഷാണ് സ്പീക്കര്‍ ആകുക. പുതു തലമുറയുടെ പ്രതിനിധിയായി വി.ഡി സതീശന്‍ പ്രതിപക്ഷത്തെ നയിക്കും. തുടര്‍ച്ചയായി ജയിച്ചെത്തുന്ന മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം പുതുമുഖങ്ങള്‍ ഭരണത്തില്‍ പങ്കാളികളാകുന്നുവെന്നതാണ് പതിനഞ്ചാം നിയമസഭയെ വ്യത്യസ്തമാക്കുന്നത്.

ചൊവ്വാഴ്ചയാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ്. എം ബി രാജേഷാണ് എല്‍ഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി. തുടര്‍ന്ന്, ജൂണ്‍ 14 വരെ സഭാ സമ്മേളനം. 28ന് പുതിയ സര്‍ക്കാരിന്റെ നയപ്രഖ്യാപനം ഗവര്‍ണര്‍ നിര്‍വഹിക്കും. അടുത്ത മന്ത്രിസഭായോഗം നയപ്രഖ്യാപന പ്രസംഗത്തിന് അന്തിമരൂപം നല്‍കി അംഗീകരിക്കും. മെയ് 31, ജൂണ്‍ ഒന്ന്, രണ്ട് തീയതികളില്‍ നയപ്രഖ്യാപനത്തില്‍ ചര്‍ച്ചയും മൂന്നിന് സര്‍ക്കാര്‍ കാര്യവുമാകും. നാലിന് പുതിയ സര്‍ക്കാരിന്റെ ബജറ്റ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിക്കും. ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍ ബജറ്റ് ചര്‍ച്ച. പത്തിന് ബജറ്റും 11ന് വോട്ടോണ്‍ അക്കൗണ്ടും പാസാക്കും. അതിന്മേലുള്ള ധനകാര്യ നടപടികള്‍ അടുത്തദിവസങ്ങളില്‍ പൂര്‍ത്തിയാക്കി ജൂണ്‍ 14ന് സഭ പിരിയാനാണ് ധാരണ.

Top