നിയമസഭാ കൈയ്യാങ്കളി കേസ് പിന്‍വലിക്കില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

kerala hc

കൊച്ചി: നിയമസഭാ കൈയ്യാങ്കളി കേസ് പിന്‍വലിക്കില്ലെന്ന് കേരള ഹൈക്കോടതി. കേസ് പിന്‍വലിക്കാന്‍ അനുമതി തേടി സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. മന്ത്രി കെ.ടി. ജലീല്‍, ഇ.പി. ജയരാജന്‍ അടക്കമുള്ളവര്‍ വിചാരണ നേരിടണമെന്നും കോടതി വ്യക്തമാക്കി.

ബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട് കെ.എം. മാണിക്കെതിരായി ഉയര്‍ന്ന ആരോപണത്തെ തുടര്‍ന്നാണ് നിയമസഭയില്‍ അദ്ദേഹം ബജറ്റ് അവതരിപ്പിക്കുന്നതിനിടയില്‍ പ്രതിഷേധം അരങ്ങേറിയത്. കൈയ്യാങ്കളിയും പൊതുമുതല്‍ നശിപ്പിക്കുന്നത് അടക്കമുള്ള സംഭവങ്ങളും ഉണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. രണ്ടര ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിക്കപ്പെട്ടതായി കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിരുന്നു.

അന്നത്തെ എംഎല്‍എമാരായിരുന്ന കെ.ടി. ജലീല്‍, ഇ.പി. ജയരാജന്‍, വി. ശിവന്‍കുട്ടി, സി.കെ. സദാശിവന്‍ എന്നിവരടക്കം പ്രതിപക്ഷത്തെ ആറ് പേര്‍ക്കെതിരെയായിരുന്നു കുറ്റപത്രം. ഇതുമായി ബന്ധപ്പെട്ട് വിചാരണ കോടതിയില്‍ നടപടി ആരംഭിച്ചതിനിടയിലാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. ആവശ്യം തള്ളിയ സാഹചര്യത്തില്‍ മന്ത്രിമാരായ കെ.ടി. ജലീല്‍, ഇ.പി. ജയരാജന്‍ തുടങ്ങിയവരടക്കമുള്ളവര്‍ വിചാരണ നേരിടേണ്ടിവരും.

 

Top