ബന്ധു നിയമനം അടിയന്തര പ്രാധാന്യം ഇല്ലാത്ത വിഷയം; ജലീലിന് പിന്തുണയുമായി മുഖ്യമന്ത്രി

pinarayi-jaleel

തിരുവനന്തപുരം: നിയമസഭയില്‍ ബന്ധു നിയമനവിവാദം സംബന്ധിച്ച് ജലീലിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. ജലീന്റെ വിഷയം അടിയന്തര പ്രാധാന്യം ഇല്ലാത്ത വിഷയമാണെന്നും ചട്ടലംഘനവും സത്യപ്രതിജ്ഞാ ലംഘനവും നടന്നിട്ടില്ലെന്നും സര്‍ക്കാറിന് സാമ്പത്തിക ബാധ്യതയുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബന്ധുനിയമന വിവാദം സംബന്ധിച്ച് കെ.മുരളീധരന്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. അദീബിന് വേണ്ടി ജലീല്‍ യോഗ്യതകളില്‍ മാറ്റം വരുത്തിയിരുന്നെന്നും സെക്രട്ടറിയുടെ വിയോജനക്കുറിപ്പ് മറികടന്നാണ് നിയമനം നടന്നതെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, നിയമസഭാ നടപടികളുമായി സഹകരിക്കുമെന്നും സഭാ നടപടികള്‍ തടസപ്പെടുത്തില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ചെന്നിത്തല ആവര്‍ത്തിക്കുകയും ചെയ്തു. സ്പീക്കറുടെ അഭ്യര്‍ത്ഥനെയെ തുടര്‍ന്നാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

ശബരിമല നിരോധനാജ്ഞ ഇന്ന് അവസാനിക്കാനിരിക്കെ നിരോധനാജ്ഞ നീട്ടാന്‍ സാധ്യതതേടി കളക്ടര്‍ എഡിഎമ്മിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഇതിനിടെ ബിജെപി ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാര സത്യാഗ്രഹം രണ്ടാം ദിവസത്തിലേക്ക് കടന്നു. ഇന്ന് കൂടുതല്‍ നേതാക്കന്മാരെ സമരപ്പന്തലില്‍ എത്തിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.

Top