നിയമസഭാ തെരഞ്ഞെടുപ്പ്; മോദി തരംഗം ഗുണം ചെയ്യില്ലെന്ന് യെദിയൂരപ്പ

ബംഗളൂരു: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരുപയോഗിച്ച് ജയിക്കുന്നത് എളുപ്പമാണെങ്കിലും നിയമസഭ തെരഞ്ഞെടുപ്പില്‍ അത് സാധിക്കില്ലെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ.

തെരഞ്ഞെടുപ്പുകള്‍ ജയിക്കാന്‍ മോദി തരംഗം സഹായിക്കുമെന്ന ചിന്തയില്‍ പ്രവര്‍ത്തകര്‍ ഇരിക്കരുത്. കഠിനാധ്വാനം ചെയ്ത് ജയിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയെ പാഠം പഠിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദാവന്‍ഗരെയില്‍ സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി യോഗം ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു യെദിയൂരപ്പ.

കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും കൂടുതല്‍ സജീവമായതിനാല്‍ പാര്‍ട്ടിയെ വിലകുറച്ച് കാണരുത്. തെരഞ്ഞെടുപ്പുകളില്‍ ജയിക്കാന്‍ അവര്‍ക്ക് അവരുടേതായ തന്ത്രങ്ങളുണ്ട്. അതിനാല്‍, ബി.ജെ.പി പ്രവര്‍ത്തകര്‍ ബൂത്തുതലം മുതല്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തണം. കോണ്‍ഗ്രസ്, ജെ.ഡി-എസ് നേതാക്കള്‍ ബി.ജെ.പി നേതാക്കളെ കണ്ട് പാര്‍ട്ടിയിലേക്ക് ക്ഷണിക്കുന്നുണ്ടെന്നും യെദിയൂരപ്പ പറഞ്ഞു.

സംസ്ഥാനത്തെ ക്ഷേത്രങ്ങള്‍ പൊളിക്കുന്ന കാര്യത്തില്‍ ആവശ്യമെങ്കില്‍ സുപ്രീംകോടതിയെ സമീപിച്ച് ക്ഷേത്രങ്ങള്‍ പൊളിക്കാനുള്ള ഉത്തരവ് അഭികാമ്യമല്ലെന്ന് ബോധ്യപ്പെടുത്തുമെന്നും യെദിയൂരപ്പ പറഞ്ഞു. മൈസൂരു ജില്ലയില്‍ ക്ഷേത്രങ്ങള്‍ പൊളിക്കുന്നതില്‍ പ്രവര്‍ത്തകര്‍ നിരാശരാകേണ്ടതില്ല. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ അനുയോജ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും യെദിയൂരപ്പ പറഞ്ഞു.

 

Top