സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി നടത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി നടത്താന്‍ ധാരണയായി. ഏപ്രില്‍ അവസാന വാരത്തിനും മേയ് രണ്ടാം വാരത്തിനും ഇടയില്‍ തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പാണ് ഏപ്രില്‍, മേയ് മാസങ്ങളിലായി നടക്കേണ്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്ന് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

ഏപ്രില്‍ തുടങ്ങി മേയ് രണ്ടാം വാരത്തോടെയാകും തെരഞ്ഞെടുപ്പ് അവസാനിക്കുക. ഇതനുസരിച്ച് സംസ്ഥാനത്ത് 90 ദിവസത്തില്‍ താഴെയായിരിക്കും മാതൃക പെരുമാറ്റച്ചട്ടം നിലവില്‍ വരാന്‍ സാധ്യത. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുമായി അടുത്തയാഴ്ച ചര്‍ച്ച നടത്തും.

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീന്‍ ഇതിനകം തന്നെ ആരോഗ്യമന്ത്രാലയം അടക്കം വിവിധ മന്ത്രാലയവുമായുള്ള ചര്‍ച്ച പൂര്‍ത്തീകരിക്കാനുള്ള സമയം നല്‍കിയിരുന്നു. സംസ്ഥാന ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ടുകളടക്കമായിരിക്കും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമായുള്ള യോഗത്തില്‍ റിപ്പോര്‍ട്ടായി നല്‍കുക. ഇക്കാര്യങ്ങള്‍ കൂടി പരിഗണിച്ചാവും തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളില്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുക.

Top