നിയമസഭാ തെരഞ്ഞെടുപ്പ്; കര്‍ഷകര്‍ക്ക് അനുകൂല പ്രഖ്യാപനങ്ങളുമായി യുപി സര്‍ക്കാര്‍

ലഖ്‌നൗ: നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് കര്‍ഷക അനുകൂല പ്രഖ്യാപനങ്ങളുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. കര്‍ഷകര്‍ക്കെതിരേയുള്ള കേസുകള്‍ പിന്‍വലിക്കുമെന്നും വൈദ്യുതി ബില്‍ കുടിശ്ശികയില്‍ പലിശയിളവിനായി ഒറ്റത്തവണത്തീര്‍പ്പാക്കല്‍ പദ്ധതി അവതരിപ്പിക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

വൈക്കോല്‍ കത്തിച്ചതിനു കര്‍ഷകര്‍ക്കെതിരെയെടുത്ത കേസുകള്‍ പിന്‍വലിക്കുമെന്നും അവരില്‍നിന്ന് പിഴയീടാക്കിയത് തിരികെ നല്‍കുമെന്നും കര്‍ഷകനേതാക്കളുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

2010 മുതലുള്ള കരിമ്പിന്റെ കുടിശ്ശിക സര്‍ക്കാര്‍ നല്‍കുമെന്നും അടുത്ത വിളവെടുപ്പ് സീസണു മുമ്പ് തന്നെ എല്ലാ കുടിശ്ശികയും വീട്ടുമെന്നും അദ്ദേഹം പറഞ്ഞു.

വൈദ്യുതി ബില്ലില്‍ കുടിശ്ശികയുള്ളതിന്റെ പേരില്‍ കര്‍ഷകരുടെ വൈദ്യതി മുടങ്ങുന്നില്ലെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തും. കരിമ്പിന്റെ വില വര്‍ധിപ്പിക്കും. ഓഹരിഉടമകളുമായി ചര്‍ച്ച നടത്തിയശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. സംസ്ഥാനത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലുള്ള പഞ്ചസാര മില്ലുകള്‍ ഒക്ടോബര്‍ 20 മുതലും കിഴക്കന്‍ മേഖലയിലുള്ള മില്ലുകള്‍ ഒക്ടോബര്‍ 25 മുതലും പ്രവര്‍ത്തനം തുടങ്ങുമെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.

 

Top