നിയമസഭാ തെരഞ്ഞെടുപ്പ്, കോൺഗ്രസ്‌ സ്ഥാനാർഥിപ്പട്ടികയിൽ യുവാക്കൾക്ക് പ്രാധാന്യം

തിരുവനന്തപുരം : നിയമസഭാ തിര‍ഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിപ്പട്ടികയ്ക്കു പ്രസരിപ്പു നൽകുന്ന തരത്തിൽ യുവ–പുതുമുഖ പ്രാതിനിധ്യം ഉണ്ടാകുമെന്ന് യുവ എംപിമാർക്കും എംഎൽഎമാർക്കും നേതൃത്വത്തിന്റെ ഉറപ്പ്. ഗ്രൂപ്പ് മാത്രം നോക്കി സ്ഥാനാർഥികളെ നിശ്ചയിക്കുന്ന രീതി ഒഴിവാക്കണമെന്ന ആവശ്യത്തോടും അനുകൂല പ്രതികരണമുണ്ടായി.ഓരോ മണ്ഡലത്തിലും പരിഗണിക്കാൻ കഴിയുന്ന പുതുമുഖങ്ങളുടെ പട്ടിക കൈമാറാൻ ആവശ്യപ്പെട്ടു.

ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും ആണ് യുവ സംഘം കണ്ടത്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുമായും ആശയവിനിമയം നടത്തി. 50 ൽ താഴെ പ്രായമുള്ള ജയസാധ്യതയുള്ള സ്ഥാനാർഥികളുടെ പട്ടിക യുവസംഘം തയാറാക്കും. ഏതാനും യൂത്ത് കോൺഗ്രസ് ഭാരവാഹികളെ സ്ഥാനാർഥികളാക്കണമെന്ന ആവശ്യമല്ല തങ്ങളുടേതെന്നു സംഘം വ്യക്തമാക്കി. കോൺഗ്രസിനു ജയിക്കാൻ കഴിയുന്ന സ്ഥാനാർഥികളെ അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.

എത്ര ചെറുപ്പക്കാർ പട്ടികയിൽ കൂടുതലുണ്ടോ, അത്രയും ജയസാധ്യത വർധിപ്പിക്കുമെന്നാണു സംഘം ചൂണ്ടിക്കാട്ടുന്നത്. സ്ത്രീകൾ, അവഗണിക്കപ്പെട്ട വിഭാഗങ്ങൾ എന്നിവർക്കു മതിയായ പ്രാതിനിധ്യം നൽകണം. പാർട്ടിക്കു പുറത്തു വിജയസാധ്യതയുള്ള പൊതുസമ്മതരെയും പരിഗണിക്കണമെന്ന് യുവസംഘം ആവശ്യപ്പെട്ടു.

Top