നിയമസഭാ തെരഞ്ഞെടുപ്പ്; ബിജെപി ബത്തേരിയിലെത്തിച്ചത് മൂന്നരക്കോടി രൂപ

വയനാട്: നിയമസഭാ തെരഞ്ഞെടുപ്പിനായി സുല്‍ത്താന്‍ ബത്തേരിയില്‍ ബിജെപി എത്തിച്ചത് മൂന്നരക്കോടി. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയല്‍ ജില്ലാ പ്രസിഡന്റ് സജി ശങ്കറിന് നല്‍കിയ ഡിജിറ്റല്‍ രേഖകളിലാണ് ഇക്കാര്യം വ്യക്തമായത്. എന്നാല്‍ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നല്‍കിയത് 17 ലക്ഷത്തിന്റെ കണക്ക് മാത്രമാണെന്നും രേഖകള്‍ വ്യക്തമാക്കുന്നു. കേന്ദ്രമന്ത്രി അമിത്ഷായുടെ സന്ദര്‍ശനത്തിന്റെ ചെലവ് 6,82,5000 രൂപയാണെന്നും രേഖകളില്‍ പറയുന്നു.

നേതാക്കളുടെ കോടികളുടെ ഫണ്ട് തട്ടിപ്പില്‍ പ്രതിഷേധിച്ച് കൂട്ടരാജിയാണ് വയനാട് ബിജെപിയില്‍ നടക്കുന്നത്. എസ്‌സി മോര്‍ച്ച ബത്തേരി മണ്ഡലം പ്രസിഡന്റ് വിശ്വനാഥന്റെ നേതൃത്വത്തില്‍ ഏഴ് അംഗ കമ്മറ്റിയാണ് ഒടുവില്‍ രാജിവച്ചത്.

അതേസമയം, പുനഃസംഘടനയില്‍ പ്രതിഷേധിച്ചും വയനാട് ബിജെപിയില്‍ കലഹം തുടരുകയാണ്. പുതിയ ജില്ലാ പ്രസിഡന്റ് നിയമനത്തിന് പിന്നാലെ ബത്തേരി മണ്ഡലം പ്രസിഡന്റ് കെബി മദന്‍ലാല്‍ അടക്കം 13 പേര്‍ രാജിവച്ചു. പുതിയ അധ്യക്ഷനേയും, സംസ്ഥാന സമിതിയേയും ഏകപക്ഷീയമായാണ് തെരഞ്ഞെടുത്തതെന്ന് ആരോപിച്ചുകൊണ്ടാണ് നേതാക്കളുടെ രാജി.

നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ആകെ തിരിച്ചടി നേരിട്ടപ്പോള്‍ ചിലരെ മാത്രം തിരഞ്ഞ് പിടിച്ച് മാറ്റിയെന്ന് ഒരു വിഭാഗത്തിന്റെ ആക്ഷേപമുയര്‍ന്നിരുന്നു. തെരഞ്ഞടുപ്പില്‍ പാര്‍ട്ടിയുടെ പ്രകടനം സംബന്ധിച്ച നിയോജകമണ്ഡലങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചശേഷം പുനഃസംഘടന മതിയെന്ന തീരുമാനം അട്ടിമറിക്കപ്പെട്ടന്നാണ് ജില്ലയിലെ പ്രധാന ആരോപണം.

Top