നിയമസഭ തെരഞ്ഞെടുപ്പ്; 80 വയസിന് മുകളിലുള്ളവര്‍ക്കും അംഗപരിമിതര്‍ക്കും പോസ്റ്റല്‍ വോട്ട്

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ എണ്‍പത് വയസിന് മുകളിലുള്ളവര്‍ക്കും അംഗപരിമിതര്‍ക്കും പോസ്റ്റല്‍ വോട്ട് ചെയ്യാം. പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിക്കുന്നവര്‍ക്കാണ് അനുമതി. കൊവിഡ് രോഗികള്‍ക്ക് ഏങ്ങനെയാണ് വോട്ട് എന്നതില്‍ തീരുമാനമായില്ലെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ പറഞ്ഞു.

പ്രായമായവര്‍ക്കും പോളിംഗ് ബൂത്തില്‍ പരസഹായത്തോടെ മാത്രം വരാന്‍ കഴിയുന്നര്‍ക്കും പോസ്റ്റല്‍ വോട്ട് എന്ന ചരിത്രപ്രധാനമായ തീരുമാനമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ എടുത്തിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടിക പുതുക്കല്‍ നടപടികള്‍ പുരോഗമിക്കുകയാണ്. എണ്‍പത് വയസില്‍ കൂടുതലുള്ളവരുടേയും അംഗപരിമിതരുടേയും പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേകം തയ്യാറാക്കും.

തദ്ദേശ തെരഞ്ഞെടുപ്പില്‍ നിന്ന് വ്യത്യസ്തമായി തപാല്‍ വോട്ട് ആവശ്യപ്പെടുന്നവര്‍ക്ക് തപാലില്‍ തന്നെ ബാലറ്റ് അയച്ച് കൊടുക്കും. വോട്ട് ചെയ്ത് മടക്കി തപാലില്‍ അയക്കണം. തപാല്‍ വോട്ടിനായി വോട്ടെടുപ്പ് തീയതിക്ക് ഒരു മാസം മുന്‍പ് അപേക്ഷിക്കണമെന്നാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. കൊവിഡ് രോഗികള്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും ഏങ്ങനെയാണ് വോട്ടെന്ന് പരിശോധിച്ച് വരികയാണെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. സംസ്ഥാനത്ത് രണ്ട് ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് ആലോചന.

Top