നിയമസഭാ തെരഞ്ഞെടുപ്പ്; മുല്ലപ്പള്ളി കണ്ണൂരില്‍ മത്സരിച്ചേക്കും

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കണ്ണൂരില്‍ മത്സരിച്ചേക്കും. മുല്ലപ്പള്ളി മത്സരിച്ചാല്‍ കെ. സുധാകരന്‍ കെ.പി.സി.സി. അധ്യക്ഷനാകും. കോണ്‍ഗ്രസിലെ മുഴുവന്‍ സിറ്റിങ് എം.എല്‍.എമാര്‍ക്കും സീറ്റ് നല്‍കും. കെ.സി. ജോസഫ് യുവാക്കള്‍ക്ക് വഴിമാറണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് പരാതി നല്‍കി.

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്ക് ഇന്ന് ഡല്‍ഹിയില്‍ തുടക്കമാവുകയാണ്. വൈകിട്ട് ആറു മണിക്ക് സ്‌ക്രീനിങ് കമ്മിറ്റി യോഗം ചേരും. കോണ്‍ഗ്രസിന്റെ വാര്‍ റൂമിലാണ് യോഗം ചേരുന്നത്.

അതേസമയം, പാര്‍ട്ടി അധ്യക്ഷസ്ഥാനം ഒഴിയാതെ മത്സരിക്കാനുള്ള ശ്രമമാണ് മുല്ലപ്പള്ളി നടത്തുന്നത്. ഇക്കാര്യവുമായി ബന്ധപ്പെട്ട് ഹൈക്കമാന്‍ഡ് നേതാക്കളുമായി മുല്ലപ്പള്ളി കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇന്നും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തിയേക്കും. നാളെയാണ് കേന്ദ്ര തിരഞ്ഞെടുപ്പു സമിതി യോഗം ചേരുന്നത്. ആ യോഗത്തില്‍ ഈ വിഷയവും ചര്‍ച്ചയാകും.

Top