നിയമസഭാ തെരഞ്ഞെടുപ്പ്; ബംഗാളിലും അസമിലും ആദ്യഘട്ട വിജ്ഞാപനമായി

ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് അഞ്ച് സംസ്ഥാനങ്ങളില്‍ തുടക്കം. അസമിലെയും പശ്ചിമബംഗാളിലെയും ആദ്യ ഘട്ട വോട്ടെടുപ്പിനുള്ള വിജ്ഞാപനം പുറത്തിറങ്ങി. ബിജെപിയുടെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക മറ്റന്നാള്‍ പുറത്തിറക്കും.

അസമിലെ 47 സീറ്റുകളിലേക്കും പശ്ചിമ ബംഗാളിലെ 30 സീറ്റുകളിലേക്കുമുള്ള വിജ്ഞാപനമാണ് പുറത്തിറക്കിയത്. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം മാര്‍ച്ച് ഒമ്പതിനാണ്. ആദ്യ ഘട്ട വോട്ടെടുപ്പ് മാര്‍ച്ച് 27നുംമാണ്. പശ്ചിമ ബംഗാളില്‍ കിഴക്കന്‍ മെദിനിപുര്‍ പശ്ചിമ മെദിനിപ്പൂര്‍, ജാര്‍ഗ്രാം മേഖലകളിലാണ് ആദ്യ രണ്ടു ഘട്ടങ്ങളിലെ വോട്ടെടുപ്പ്. ഒരു ജില്ലയിലെ തന്നെ മണ്ഡലങ്ങളെ രണ്ടു ഘട്ടങ്ങളിലാക്കിയാണ് ഇത്തവണ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം. നന്ദിഗ്രാം രണ്ടാം ഘട്ടത്തില്‍ പോളിംഗ് ബൂത്തിലേക്ക് പോകും.

ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കാന്‍ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയുടെ യോഗം മറ്റന്നാള്‍ നടക്കും. ഏപ്രില്‍ ഒന്നിലെ രണ്ടാം ഘട്ട വോട്ടെടുപ്പിന് വെള്ളിയാഴ്ച വിജ്ഞാപനം പുറത്തിറങ്ങും.

 

Top