Assembly election; silent campaign started; 52,000 police personnel on security

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നിശ്ശബ്ദ പ്രചാരണദിനം. കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലായി 1,203 സ്ഥാനാര്‍ഥികളാണ് ഇത്തവണ ജനവിധി തേടുന്നത്. നാടാകെ ഇളക്കിമറിച്ച രണ്ടരമാസത്തെ പ്രചാരണം അവശേഷിപ്പിക്കുന്ന ജിജ്ഞാസ വ്യാഴാഴ്ച വരെ. കേരളം ആരു ഭരിക്കുമെന്ന വിധി 19ന് ഉച്ചയോടെ വ്യക്തമാകും.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 28.71 ലക്ഷം പുതിയ വോട്ടര്‍മാരാണ് ഇത്തവണ കേരളത്തില്‍ ഉള്ളത്. വീടുകള്‍ കയറി സ്ലിപ്പുകള്‍ കൊടുക്കലും വോട്ടിങ് മെഷിനില്‍ വോട്ട് ചെയ്യേണ്ട രീതി പരിചയപ്പെടുത്തിക്കൊടുക്കലുമായി പാര്‍ട്ടി പ്രവര്‍ത്തകരും സജീവമാണ്. മുപ്പതോളം മണ്ഡലങ്ങളില്‍ ഇത്തവണ ശക്തമായ പോരാട്ടമാണ് നടക്കുന്നത്.

നാളെ വോട്ടെടുപ്പു നടക്കുന്ന തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലും പരസ്യപ്രചാരണം ഇന്നലെ സമാപിച്ചു. ഇവയ്‌ക്കൊപ്പം അസം, ബംഗാള്‍ എന്നിവിടങ്ങളിലെയും വോട്ടെണ്ണല്‍ 19ന് നടക്കും.

നിയമസഭാ തിരഞ്ഞെടുപ്പു സമാധാനപരമായും നീതിപൂര്‍വകമായും നടത്തുന്നതിനു തിരഞ്ഞെടുപ്പു കമ്മിഷന്റെ നിര്‍ദേശമനുസരിച്ചുള്ള എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയായതായി ഡിജിപി ടി.പി.സെന്‍കുമാര്‍ അറിയിച്ചു.

സുരക്ഷയ്ക്കും ക്രമസമാധാന പാലനത്തിനുമായി കേന്ദ്രസേന ഉള്‍പ്പെടെ 52,000 പുരുഷ-വനിതാ പൊലീസുകാരെ സംസ്ഥാനത്തു വിന്യസിച്ചുകഴിഞ്ഞു. ഇതോടൊപ്പം രണ്ടായിരത്തില്‍പരം എക്‌സൈസ്-ഫോറസ്റ്റ് ജീവനക്കാരെയും 2027 ഹോം ഗാര്‍ഡുകളെയും ക്രമസമാധാന പാലനത്തിനു വിന്യസിക്കും.

തിരഞ്ഞെടുപ്പു സമാധാനപരമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ ജാഗ്രത പുലര്‍ത്തണമെന്ന് എല്ലാ ജില്ലാ പൊലീസ് മേധാവികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വോട്ടര്‍മാരെ ഭീഷണിപ്പെടുത്താനോ അക്രമങ്ങള്‍ നടത്താനോ ശ്രമമുണ്ടായാല്‍ കര്‍ശന നടപടിയെടുക്കും.

സുരക്ഷാ നടപടികളുടെ ഭാഗമായി സ്‌ട്രൈക്കിങ് ഫോഴ്‌സ് ഉള്‍പ്പെടെ സംവിധാനങ്ങള്‍ ഫീല്‍ഡില്‍ ഉണ്ടാകും. തല്‍ക്ഷണ നടപടികള്‍ കൈക്കൊള്ളാനായി വോട്ടെടുപ്പുദിവസം 1395 ഗ്രൂപ്പ് പട്രോള്‍ സംഘങ്ങളെയും 932 ക്രമസമാധാനപാലന പട്രോള്‍ സംഘങ്ങളെയും നിയോഗിക്കും.

അക്രമികളെ കണ്ടെത്തുന്നതിനു വിഡിയോ ക്യാമറകള്‍ ഉപയോഗിക്കും. അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് 291 ഇലക്ഷന്‍ സര്‍ക്കിള്‍ ക്യൂആര്‍ടി, 116 സബ് ഡിവിഷന്‍ സ്‌ട്രൈക്കിങ് ഫോഴ്‌സിനെയും നിയോഗിച്ചിട്ടുണ്ട്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സംസ്ഥാന പൊലീസ് ആസ്ഥാനത്തു തിരഞ്ഞെടുപ്പു കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു.

Top