Assembly election; Pinarayi leads in Dharmadam

കണ്ണൂര്‍: ധര്‍മ്മടത്ത് ഇത് കരുത്തിന്റെ വിജയം. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ 36,905 വോട്ടിന്റെ തകര്‍പ്പന്‍ ഭൂരിപക്ഷത്തിനാണ് ചെങ്കോട്ടയില്‍ നിന്ന് അഭിമാനാര്‍ഹമായ വിജയം കരസ്ഥമാക്കിയത്.87,329 വോട്ടുകളാണ് പിണറായി നേടിയത്‌.

ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നതില്‍ പ്രമുഖനാണ് പിണറായി.

മുന്‍പ് വൈദ്യുതി മന്ത്രിയായിരിക്കെ പിണറായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ എതിരാളികളുടെ പോലും പ്രശംസ പിടിച്ച് പറ്റുന്നതായിരുന്നു.

ഇരുട്ടിലായ കേരളത്തിന് ശാശ്വതമായി വെളിച്ചം പകര്‍ന്ന് നല്‍കുന്നതിന് വിപ്ലവകരമായ നടപടി സ്വീകരിച്ച പിണറായി വിജയന് കേരളത്തിന്റെ വികസനത്തിന് വലിയ സംഭാവന ചെയ്യാന്‍ കഴിയുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

സിപിഎമ്മിനെ സംബന്ധിച്ച് ഇത്രയും കര്‍ക്കശക്കാരനായ ഒരു നേതാവ് ആ പാര്‍ട്ടിക്കകത്ത് അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല.

യുഡിഎഫിന്റെ മാത്രമല്ല ബിജെപി-ബിഡിജെഎസ് സഖ്യമുയര്‍ത്തിയ കടുത്ത വെല്ലുവിളികളെയും അതിജീവിക്കാന്‍ പാര്‍ട്ടി സംഘടനയെ സജ്ജമാക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനൊപ്പം പിണറായി നടത്തിയ ഇടപെടലുകളും അണികള്‍ക്ക് നല്‍കിയ ആത്മവിശ്വാസം ചെറുതല്ല.

പിണറായി മത്സരിച്ച ധര്‍മ്മടത്ത് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തകര്‍ത്ത് മന:പൂര്‍വ്വം സംഘര്‍ഷത്തിന് ശ്രമമുണ്ടായപ്പോഴും വികാരത്തിന് അടിമപ്പെടാതെ സംയമനം പാലിക്കാന്‍ സിപിഎം അണികളോട് ആവശ്യപ്പെട്ടതും പിണറായിയാണ്.

Top