Assembly election; Modi’s statement

ആലപ്പുഴ: ഒരു തവണ കോണ്‍ഗ്രസ്സിനെയും കമ്മ്യൂണിസ്റ്റുകാരെയും വീട്ടിലിരുത്തിയാല്‍ മാത്രമെ അവര്‍ക്ക് മനസ്സിലാകൂ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വേണ്ടിയാണെന്ന് എന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി. കുട്ടനാട്ടില്‍ ചേര്‍ന്ന തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ട് മുന്നണികളും കേരളത്തെ കൊള്ളയടിക്കുകയാണ് ഇതവസാനിപ്പിക്കാന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണം.സമ്പൂര്‍ണ്ണ മാറ്റത്തിനുവേണ്ടി നമുക്ക് വേണ്ടി വോട്ട് രേഖപ്പെടുത്തണം.

സ്വാതന്ത്രം കിട്ടി 70 വര്‍ഷം കഴിഞ്ഞിട്ടും കേരളത്തില്‍ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകളും മാറിമാറി ഭരിച്ചു. എന്നാല്‍ കേരളത്തിലെ ജനങ്ങള്‍ക്ക് കുടിവെള്ളം കൊടുക്കാന്‍ സാധിച്ചില്ല. ഇവര്‍ക്ക് വോട്ട് കൊടുക്കേണ്ടതുണ്ടോ? അങ്ങിനെയുള്ളവര്‍ക്ക് ശിക്ഷ കൊടുക്കേണ്ട സമയമാണിത്. അവരെ പരാജയപ്പെടുത്തി വീട്ടിലേക്ക് ഓടിക്കുക.

5 വര്‍ഷം തോറും നിങ്ങള്‍ സര്‍ക്കാരിനെ മാറിമാറി പരീക്ഷിക്കുന്നു. നിങ്ങളുടെ ജീവിതം മാറിയിട്ടില്ല. സര്‍ക്കാരിനെ മാറ്റിയാല്‍ നിങ്ങളുടെ ഭാവി തന്നെ മാറും.

ഇരു കൂട്ടരെ പ്രതീക്ഷിച്ചിരുന്നാല്‍ നിങ്ങളുടെ ആഗ്രഹത്തിന് അനുസരിച്ച് അവര്‍ പ്രവര്‍ത്തിക്കില്ല.

നിങ്ങള്‍ സംഗീതത്തില്‍ ജുഗല്‍ബന്ദി കണ്ടിട്ടുണ്ടോ? ഒരു കൂട്ടര്‍ പ്ലൂട്ട് വായിക്കുമ്പോള്‍ മറ്റൊരു കൂട്ടര്‍ തബല അടിക്കും.കേരളത്തിലെ ഭരണവും അതുപോലെയാണ് മോദി ചൂണ്ടിക്കാട്ടി.

അവരു രണ്ട് കൂട്ടരും അഞ്ച് വര്‍ഷം ഭരിച്ച് മുന്നേറുന്നു. അഞ്ച് വര്‍ഷം നിങ്ങള്‍ ആസ്വദിക്കുക, അഞ്ച് വര്‍ഷം ഞങ്ങള്‍ സുഖിക്കാമെന്നു പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുന്നു.

കോണ്‍ഗ്രസുകാര്‍ക്ക് അഴിമതിയാണ് ജന്മസിദ്ധമെങ്കില്‍ കമ്മ്യൂണിസ്റ്റ്കാര്‍ക്ക് അക്രമണമാണ്.

അഴിമതിയെ സംബന്ധിച്ച് ഭാരതത്തിലെ ജനങ്ങളുടെ മനോഭാവം മനസിലാക്കാം. രാജീവ് ഗാന്ധി 400 സീറ്റുകളുമായി പാര്‍ലമെന്റിലെത്തി. ഇപ്പോളത് 400 ല്‍ നിന്ന് 40 ആയി.

രാജീവ് ഗാന്ധി പറയാറുണ്ടായിരുന്നു ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് ഒരു രൂപ അയച്ചാല്‍ കേരളത്തിലെ ജനങ്ങള്‍ക്ക് കിട്ടുക 15 പൈസായാണ്. ആരാണ് ബാക്കി 85 പൈസ വിഴുങ്ങിയത് ? ഡല്‍ഹിയില്‍ നിന്ന് എത്രമാത്രം പദ്ധതികളും രൂപയുമയച്ചാലും അത് തട്ടിയെടുക്കാന്‍ ഇരിക്കുന്ന കള്ളന്മാരെ ശരിയാക്കണം.

കോണ്‍ഗ്രസിന്റെ ഭരണകാലത്ത് എത്രമാത്രം അഴിമതികള്‍ക്ക് രാജ്യം സാക്ഷിയായി. ഡല്‍ഹിയില്‍ കല്‍ക്കരിയും ടുജിയും തിന്നുവെങ്കില്‍ കേരളത്തില്‍ സോളാറാണ് കഴിക്കുന്നത്.

ജനങ്ങള്‍ എനിക്ക് ആശീര്‍വാദം തന്ന് ഡല്‍ഹിയിലിരുത്തി. കേരളത്തില്‍ നിന്ന ഒരു സീറ്റ് പോലുമില്ലെങ്കിലും ഈ സംസ്ഥാനത്തിന് വേണ്ടി ഞാന്‍ ശക്തമായി പ്രവര്‍ത്തിക്കുന്നു. അതാണ് നമ്മുടെ സംസ്‌കാരം. ഈ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ജനങ്ങള്‍ തീര്‍ച്ചയായും എന്‍ഡിഎയ്ക്ക് വോട്ട് ചെയ്യും.

കേരളത്തില്‍ നിന്ന് ഒരു സീറ്റ് പോലുമില്ലെങ്കിലും കേരളം എന്റെയാണ്. ഇവിടുത്തെ സുഖവും ദുഖവും എന്റെയാണ്.

കേരളത്തിന് രണ്ട് എംപിമാരെ നോമിനേറ്റ് ചെയ്യാന്‍ വന്നപ്പോള്‍ സുരേഷ് ഗോപിയേയും റിച്ചാര്‍ഡ് ഹേയെയും തിരഞ്ഞെടുത്തു.

യുപിഎ ഭരിച്ചപ്പോള്‍ ശബരിമലയില്‍ പുല്ലുമേട് ദുരന്തം ഉണ്ടായി. ഡല്‍ഹിയില്‍ നിന്ന് ഒരാള്‍ പോലും കേരളത്തിലേക്ക്‌ എത്തിയില്ല. എന്നാല്‍ കൊല്ലം ക്ഷേത്ര ദുരന്തത്തില്‍ ഞാനിവിടെ മണിക്കൂറുകള്‍ക്കുള്ളില്‍ എത്തിച്ചേര്‍ന്നു.

അടുത്ത കാലത്ത് സൗദിയില്‍ പോയി. അവിടെയെത്തിയപ്പോള്‍ കേരളത്തിലെ സഹോദരന്മാരെ കാണണമെന്നാണ്‌ ഞാന്‍ ആദ്യം പറഞ്ഞത്. അവര്‍ക്കൊപ്പമിരുന്ന് ഞാന്‍ ഭക്ഷണം കഴിച്ചു. അബുദാബിയിലും ദുബായിലും പോയി കേരളത്തില്‍ നിന്നുള്ളവരുടെ സുഖവിവരങ്ങള്‍ തിരക്കി.

കേരളത്തിലെ തിരഞ്ഞെടുപ്പ് കാലഘട്ടത്തില്‍ ഇവിടുത്തെ മുന്നണികള്‍ ജാതിമതത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ വിഭജിക്കുന്നു.

ചിലര്‍ പള്ളിയില്‍ പോകുന്നു, ചിലര്‍ മസ്ജിദില്‍ പോകുന്നു, മറ്റ് ചിലര്‍ ക്ഷേത്രത്തില്‍ പോകുന്നു. എന്നാല്‍ എല്ലാവരും മലയാളികളാണ്. ഒറ്റക്കെട്ടായി നില്‍ക്കണം.

ഈ രാജ്യത്ത് അഴിമതി വരുമ്പോള്‍ അഴിമതി ഉണ്ടെന്ന് പറഞ്ഞ് അതിനെ അംഗീകരിക്കുന്നു. അങ്ങിനെ ജനങ്ങള്‍ക്കിടയില്‍ നിരാശയുടെ അന്തരീക്ഷം ഉണ്ടാക്കുന്നു.

ഡല്‍ഹിയില്‍ നമ്മുടെ സര്‍ക്കാരുണ്ടായിട്ട് 2 വര്‍ഷമാകുന്നു. അതിന് മുന്‍പ് ഡല്‍ഹി അഴിമതിയുടെ കേന്ദ്രമായിരുന്നു. എന്നാല്‍ നമ്മുടെ സര്‍ക്കാരിനു നേരെ അഴിമതിയാരോപണമില്ല.

ഗ്യാസ് കണക്ഷനില്‍ പോലും അഴിമതി കാണിച്ചവരാണവര്‍. പാര്‍ലമെന്റിലെ അംഗങ്ങള്‍ക്ക് ഗ്യാസ് കണക്ഷന്‍ കൊടുക്കാന്‍ അവസരമുണ്ടായിരുന്നു. എംപിമാര്‍ക്ക് കൊടുക്കുന്ന കൂപ്പണ്‍ കരിഞ്ചന്തയിലെത്തുന്ന ഒരു കാലമുണ്ടായിരുന്നു.

ഗ്യാസിന്റെ കാര്യത്തില്‍ അഴിമതി അവസാനിപ്പിക്കാന്‍ നമ്മള്‍ തീരുമാനിച്ചു. അതിനാല്‍ സബ്‌സിഡി കൊടുക്കുന്നത് ബാങ്ക് വഴിയാക്കി. അപ്പോള്‍ അനേകം വ്യാജ കണക്ഷനുകള്‍ അപ്രത്യക്ഷമായി.

കാര്‍ഷിക രംഗത്ത് യുറിയയിലും അഴിമതി കാണിച്ചു.കരിഞ്ചന്തയില്‍ യുറിയ കിട്ടുന്ന കാലമുണ്ടായിരുന്നു. അത് നിര്‍ത്തലാക്കി. ഈ വര്‍ഷം കര്‍ഷകര്‍ക്ക് യൂറിയ വാങ്ങാന്‍ കരിഞ്ചന്തയില്‍ പോകേണ്ടി വന്നില്ല. ഇത്തരത്തില്‍ അഴിമതി ഇല്ലതാക്കിയത് എല്ലാവര്‍ക്കും അത്ഭുതമായിരിക്കുകയാണ്.

രാജ്യത്തെ അഴിമതി മുക്തമാക്കണമെന്ന് തീരുമാനിച്ചിരിക്കുകയാണ്. ഈ നാട്ടിലെ ചെറുപ്പക്കാര്‍ സര്‍ക്കാര്‍ ജോലിക്കായി കഷ്ടപ്പെട്ട് റിട്ടേണ്‍ ടെസ്റ്റ് പാസാകും, എന്നാല്‍ ഇന്റര്‍വ്യൂവിന് പണം കൊടുത്ത് ജോലി നേടാന്‍ അഴിമതിയുടെ പിന്നാലെ പോകുന്നു. ചെറുപ്പക്കാരുടെ ഈ ദുരിതം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ ഭാഗമായി അവിടെയും അഴിമതി ഇല്ലാതായി.

രാജ്യത്ത് വികസനം ഉണ്ടാവണമെങ്കില്‍ അഴിമതി ഇല്ലാതാകണം. എല്ലാവരുടെയും വികസനമാണ് നമ്മുടെ മുദ്രാവാക്യം.

ബിജെപിയുടെയും എന്‍ഡിഎയുടെയും സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ നിങ്ങളോട് അപേക്ഷിക്കാനാണ് ഞാന്‍ വന്നത്. കേരളത്തിന്റെ വികസനത്തിന് വേണ്ടി. സമ്പൂര്‍ണ്ണമാറ്റത്തിന് വേണ്ടി എന്‍ഡിഎയ്ക്ക് വോട്ട് ചെയ്യുക മോദി ആഹ്വാനം ചെയ്തു.

Top