യു.പിയിൽ ബീഹാർ ആവർത്തിക്കുമോ, ഉവൈസിൽ പ്രതിപക്ഷത്ത് ആശങ്ക !

രാജ്യം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പാണ് യു.പിയില്‍ നടക്കുന്നത്. പഞ്ചാബ് ഉള്‍പ്പെടെ മറ്റു നാലു സംസ്ഥാനങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പിനേക്കാള്‍ പ്രാധാന്യം യു.പി തിരഞ്ഞെടുപ്പിനു തന്നെയാണുള്ളത്. അതിനു പ്രധാന കാരണം 80 ലോക്‌സഭ അംഗങ്ങളെ തിരഞ്ഞെടുക്കുന്ന സംസ്ഥാനമാണ് എന്നതാണ്. അതായത്, രാജ്യം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നത് തന്നെ യു.പിയാണ്. ഇക്കാര്യത്തില്‍ ഭരണപക്ഷത്തിനു മാത്രമല്ല പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും തര്‍ക്കമുണ്ടാകുകയില്ല. അനായാസ വിജയം പ്രതീക്ഷിച്ച ബി.ജെ.പി ഇപ്പോള്‍ കടുത്ത മത്സരമാണ് യുപിയില്‍ നേരിട്ടു കൊണ്ടിരിക്കുന്നത്. സമാജ് വാദി പാര്‍ട്ടിയാണ് ബി.ജെ.പിക്ക് വലിയ വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നത്.

ജാട്ടുകളുടെയും കര്‍ഷക സംഘടനകളുടെയും എതിര്‍പ്പുകളും ബി.ജെ.പി നേരിടുന്ന പ്രധാന വെല്ലുവിളികളാണ്. പ്രധാനമായും ക്രമസമാധാന പാലനത്തിലെ മികവ് ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി വോട്ടു പിടിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചരണ രംഗത്ത് സജീവമാകുന്നതോടെ ബി.ജെ.പിക്ക് വ്യക്തമായ മേല്‍ക്കോയ്മ ഉണ്ടാകുമെന്നു തന്നെയാണ് നേതൃത്വം കരുതുന്നത്. യു.പി കൈവിട്ടാല്‍ ലോകസഭ തിരഞ്ഞെടുപ്പില്‍ തിരിച്ചടി ഏല്‍ക്കുമെന്നതിനാല്‍ അതീവ ജാഗ്രതയോടു കൂടിയാണ് സംഘപരിവാര്‍ സംഘടനകളും നീങ്ങുന്നത്. ആര്‍.എസ്.എസ് – വി.എച്ച്.പി പ്രവര്‍ത്തകരും പ്രചരണ രംഗത്ത് സജീവമാണ്.

പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിപ്പിക്കുക എന്ന തന്ത്രമാണ് ബി.ജെ.പി യു.പിയില്‍ പയറ്റുന്നത്. ഒരു പരിധിവരെ അതില്‍ അവര്‍ വിജയിക്കുകയും ചെയ്തിട്ടുണ്ട്. ബി.ജെ.പിക്കെതിരെ പ്രതിപക്ഷ മഹാസഖ്യം എന്നത് ഇതുവരെ പ്രാവര്‍ത്തികമായിട്ടില്ല. പ്രമുഖ പ്രതിപക്ഷ പാര്‍ട്ടികളായ സമാജ് വാദി പാര്‍ട്ടിയും ബി.എസ്.പിയും കോണ്‍ഗ്രസ്സുമെല്ലാം സ്വന്തം നിലയ്ക്കാണ് മത്സരിക്കുന്നത്. ചെറുകക്ഷികളെ ഒപ്പം നിര്‍ത്തി സമാജ് വാദി പാര്‍ട്ടി രൂപീകരിച്ച സഖ്യത്തില്‍ കോണ്‍ഗ്രസ്സിനെ പോലും ഉള്‍പ്പെടുത്താന്‍ അഖിലേഷ് യാദവ് തയ്യാറായിട്ടില്ല. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ്സ് യു.പിയില്‍ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കഴിഞ്ഞ തവണ നേടിയതിനേക്കാള്‍ കൂടുതല്‍ സീറ്റുകളെങ്കിലും ഇത്തവണ നേടാന്‍ അവര്‍ക്കു കഴിഞ്ഞില്ലങ്കില്‍ പ്രിയങ്ക ഗാന്ധിക്കു മാത്രമല്ല നെഹ്‌റു കുടുംബത്തിനു തന്നെ അത് വലിയ തിരിച്ചടിയാകും.

ലോകസഭ തിരഞ്ഞെടുപ്പില്‍ മോദിക്ക് എതിരാളിയായി നെഹ്‌റു കുടുംബത്തില്‍ നിന്നു ഒരാളെ ഉയര്‍ത്തിക്കാട്ടുന്നതിനും പിന്നീട് ഏറെ ബുദ്ധിമുട്ടാകും. കോണ്‍ഗ്രസ്സ് ഭരണമുള്ള പഞ്ചാബില്‍ ഭരണം നിലനിര്‍ത്താന്‍ കഴിയുമോ എന്ന കാര്യത്തിലും നേതാക്കള്‍ക്കിടയില്‍ വലിയ ആശങ്കയുണ്ട്. പഞ്ചാബില്‍ ഭരണം നഷ്ടപ്പെട്ടാല്‍ അത് രാഹുല്‍ ഗാന്ധിക്ക് എതിരായ നീക്കങ്ങള്‍ക്കു കൂടിയാണ് കരുത്ത് പകരുക. തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാതെ ഇറ്റലിയിലേക്ക് പറന്ന രാഹുലിന്റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് കോണ്‍ഗ്രസ്സിലുള്ളത്. തിരിച്ചടി നേരിട്ടാല്‍ ഇതും രാഹുല്‍ വിരുദ്ധ ചേരി ആയുധമാക്കും.

അതേസമയം, പ്രതിപക്ഷത്തെ നയിക്കാന്‍ രാഹുലും പ്രിയങ്കയും പ്രാപ്തരല്ലന്ന നിലപാടിലാണ് മറ്റു പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്ളത്. ഇക്കാര്യത്തില്‍ സമാജ് വാദി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്സ്, ആര്‍.ജെ.ഡി, എന്‍.സി.പി, എ.എ.പി തുടങ്ങിയ പാര്‍ട്ടികള്‍ ഇതിനകം തന്നെ നിലപാടും വ്യക്തമാക്കിയിട്ടുണ്ട്. ഡി.എം.കെയും ഇടതു പാര്‍ട്ടികളുമാകട്ടെ സാഹചര്യത്തിനു അനുസരിച്ചാണ് നയം വ്യക്തമാക്കാന്‍ പോകുന്നത്. ഇക്കാര്യം ഈ പാര്‍ട്ടികളുടെ നേതൃത്വവും വ്യക്തമാക്കിയിട്ടുണ്ട്. മിക്ക പ്രതിപക്ഷ പാര്‍ട്ടികളും യു.പിയില്‍ സമാജ് വാദി പാര്‍ട്ടി അധികാരത്തില്‍ വരണമെന്നതാണ് ആഗ്രഹിക്കുന്നത്.

എ.ഐ.എം.ഐ.എം. നേതാവ് അസാദുദ്ദീന്‍ ഒവൈസിക്ക് നേരെ മീററ്റില്‍ ഉണ്ടായ വെടിവയ്പ്പിനെയും ഗൗരവമായാണ് പ്രതിപക്ഷം നോക്കി കാണുന്നത്. ഒവൈസിയുടെ സാന്നിധ്യം ബി.ജെ.പിക്ക് സഹായകരമാകുമോ എന്നതിലാണ് ആശങ്ക. ജന്‍ അധികാര്‍ പാര്‍ട്ടി, ഭാരത് മുക്തി മോര്‍ച്ച എന്നീ പാര്‍ട്ടികളുമായാണ് ഒവൈസിയുടെ പാര്‍ട്ടി സഖ്യമുണ്ടാക്കിയിരിക്കുന്നത്. ബീഹാര്‍ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ മഹാസഖ്യത്തിന് ഭരണം നഷ്ടമായതില്‍ ഒവൈസിയുടെ സാന്നിധ്യം വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

പ്രതിപക്ഷ വോട്ടുകള്‍ക്കൊപ്പം ന്യൂനപക്ഷ വോട്ടുകള്‍ കൂടി ഭിന്നിച്ചാല്‍ യു.പിയിലും, ബി.ജെ.പിക്ക് ജയം എളുപ്പമാകുമെന്നതാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ഉറക്കം കെടുത്തുന്നത്. ഒവൈസി, ബി.ജെ.പിയുടെ ‘ബി’ ടീമാണ് എന്ന പ്രചരണവും നിലവില്‍ ശക്തമാണ്.

ഇതിനിടെ, വെടിവയ്പ്പിനു പിന്നാലെ, ഒവൈസിക്ക് ദ കാറ്റഗറി സുരക്ഷ തന്നെ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പടുത്തിയിട്ടുണ്ട്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ കൂടി പരിഗണിച്ചാണിത്. ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ്, ഫിബ്രുവരി 3ന് അസദുദ്ദീന്‍ ഒവൈസിയുടെ കാറിന് നേരം ആക്രമണമുണ്ടായിരുന്നത്. മീററ്റിന് സമീപം ഹാപ്പൂരിലായിരുന്നു സംഭവം. ഇതു സംബന്ധമായി രണ്ടുപേര്‍ ഇതിനകം തന്നെ പൊലീസ് പിടിയിലായിട്ടുമുണ്ട്.

വൈകുന്നേരം അഞ്ച് മണിയോടെ ഹാപ്പൂരിലെ ടോള്‍ പ്ലാസിക്ക് സമീപമാണ് വെടിവയ്പ്പ് നടന്നിരുന്നത്. ട്വിറ്ററിലൂടെ ഒവൈസി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. നാലുപേരുള്ള സംഘമാണ് വെടിയുതിര്‍ത്തതെന്നും നാലു റൗണ്ട് വെടിവെച്ചെന്നും ഒവൈസി പറയുകയുണ്ടായി. രണ്ടു ബുള്ളറ്റുകളാണ് കാറില്‍ തറച്ചിരുന്നത്. ടയറുകള്‍ പഞ്ചറായതിനെ തുടര്‍ന്ന് മറ്റൊരു വാഹനത്തിലാണ് ഒവൈസി ദില്ലിക്ക് മടങ്ങിയിരുന്നത്.

ആക്രമണത്തെ കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്നും ഒവൈസി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒവൈസിക്കു നേരെ നടന്ന ആക്രമണം ദേശീയ മാധ്യമങ്ങളും വലിയ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ ആക്രമണത്തെ അപലപിച്ച് രംഗത്തു വന്നിട്ടുണ്ട്. യു.പിയിലെ പ്രചരണത്തെ ആളിക്കത്തിക്കാനും ഈ സംഭവം വഴിമരുന്നിട്ടുണ്ട്. അതുകൊണ്ട് ആര്‍ക്കാണ് നേട്ടമെന്നത് മാത്രമാണ് ഇനി അറിയാനുള്ളത്. വോട്ടെണ്ണി കഴിയുമ്പോള്‍ ഇതിനുകൂടിയാണ് മറുപടി ലഭിക്കുവാന്‍ പോകുന്നത്.

EXPRESS KERALA VIEW

Top