Assembly election fail; high command never change sudheeran from kpcc

ന്യൂഡല്‍ഹി : കേരളത്തില്‍ യുഡിഎഫിനേറ്റ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് വി.എം സുധീരനെ മാറ്റുന്ന കാര്യം പരിഗണനയിലില്ലെന്ന് ഹൈക്കമാന്റ്.

കെപിസിസി പ്രസിഡന്റ് എന്ന രൂപത്തില്‍ തികഞ്ഞ ജാഗ്രത സുധീരന്‍ കാണിച്ചിട്ടുണ്ടെന്നും ഇക്കാര്യങ്ങള്‍ തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും അദ്ദേഹം ബോധ്യപ്പെടുത്തിയിട്ടുള്ളതാണെന്നും ഹൈക്കമാന്റ് വൃത്തങ്ങള്‍ പറഞ്ഞു.

തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സര്‍ക്കാര്‍ കൈക്കൊണ്ട മെത്രാന്‍ കായല്‍ ഉള്‍പ്പെടെയുള്ള സംഭവങ്ങളും, അഴിമതിയാരോപണ വിധേയരായവരെ മത്സരിപ്പിച്ചതുമാണ് യുഡിഎഫിന്റെ പരാജയത്തിന് പ്രധാന കാരണമെന്നാണ് കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

കെ ബാബു ഉള്‍പ്പെടെയുള്ളവരുടെ തോല്‍വി ചൂണ്ടി കാട്ടിയാണ് ഈ നിഗമനം.

ഇടതു തരംഗത്തിനിടയിലും സുധീരന്‍ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് നിര്‍ദേശിച്ച പി.ടി തോമസ് തൃക്കാക്കരയില്‍ നിന്നും വടക്കാഞ്ചേരിയില്‍ നിന്ന് അനില്‍ അക്കരയും വിജയിച്ചത് സുധീരന്റെ പാര്‍ട്ടിയിലെ നില ഭദ്രമാക്കാന്‍ ഇടയാക്കിയിട്ടുണ്ട്.

പ്രതിപക്ഷ നേതൃസ്ഥാനത്തിനു വേണ്ടി ഐ ഗ്രൂപ്പ് പിടി മുറുക്കിയ സാഹചര്യത്തില്‍ ഗ്രൂപ്പില്‍ വിള്ളലുണ്ടാക്കി ഉമ്മന്‍ ചാണ്ടിയെ തന്നെ അവരോധിക്കാനാണ് എ ഗ്രൂപ്പ് തന്ത്രം. ഇതിനായി ഘടക കക്ഷികളുടെ പിന്തുണയും എ ഗ്രൂപ്പ് ഉറപ്പ് വരുത്തിയിട്ടുണ്ട്.

രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനത്ത് വരുന്നതിനോട് കേരള കോണ്‍ഗ്രസ്സ് എമ്മിനും താല്‍പര്യമില്ല. ബാര്‍കോഴയില്‍ മാണിയെ ‘കുടുക്കി’യതാണ് പകയ്ക്ക് കാരണം.

മുസ്ലീം ലീഗും ഉമ്മന്‍ ചാണ്ടിക്ക് അനുകൂലമാണ്. എന്നാല്‍ കോണ്‍ഗ്രസ് എംഎല്‍എമാരില്‍ കൂടുതല്‍ പേര്‍ ഐ ഗ്രൂപ്പുകാരായതാണ് ചെന്നിത്തലയുടെ കരുത്ത്. ഈ പ്രതിസന്ധി മറികടക്കാന്‍ മുഖ്യമന്ത്രി ഇടപ്പെട്ടത് കൊണ്ട് മാത്രം സീറ്റ് ലഭിച്ച അടൂര്‍ പ്രകാശ് കളം മാറ്റിയേക്കുമെന്നാണ് അഭ്യൂഹം.

നിര്‍ണ്ണായക ഘട്ടത്തില്‍ കെ മുരളീധരന്‍ അടക്കമുള്ള ചില ഐ ഗ്രൂപ്പ് എംഎല്‍എമാരുമായി ‘ധാരണ’യുണ്ടാക്കാനും എ ഗ്രൂപ്പ് ശ്രമം തുടങ്ങിയിട്ടുണ്ട്.

ഭരണം നഷ്ടപ്പെട്ടതോടെ സംസ്ഥാന കോണ്‍ഗ്രസില്‍ ഒന്നാമനായി വി എം സുധീരന്‍ മാറിക്കഴിഞ്ഞതാണ് ഗ്രൂപ്പുകളുടെ ഉറക്കം കെടുത്തുന്നത്.

പ്രതിപക്ഷ നേതൃസ്ഥാനത്ത് വരുന്നയാളും കെപിസിസി പ്രസിഡന്റുമാകും ഇനി യുഡിഎഫ് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പ്രതിപക്ഷ പടയെ നയിക്കുക എന്നതിനാല്‍ മൂന്നാമനാകുന്നയാള്‍ ‘ഔട്ടായി’ പോകുന്ന അവസ്ഥയാണുണ്ടാവുക.

ചെന്നിത്തലയാണോ അതോ ഉമ്മന്‍ചാണ്ടിയാണോ ‘ഔട്ടാ’കുകയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.

സുധീരനെ പുകച്ച് ചാടിക്കാന്‍ സാധിച്ചില്ലെങ്കില്‍ പിന്നെ യുഡിഎഫ് സംവിധാനത്തിന്റെ ചെയര്‍മാന്‍ , കണ്‍വീനര്‍ സ്ഥാനങ്ങള്‍ക്കും ഡിമാന്റാകും.അനവധി വര്‍ഷങ്ങളായി യുഡിഎഫ് കണ്‍വീനറായി തുടരുന്ന പി.പി തങ്കച്ചനും ഇനി ആ സ്ഥാനത്ത് തുടരാന്‍ പറ്റാത്ത സാഹചര്യമാണ് സംജാതമാകുന്നത്.

പ്രതിപക്ഷ നേതാവ് ആരായിരിക്കും എന്നതിനനുസരിച്ച് മൂന്നാമന് യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് നറുക്ക് വീഴും.

Top