നിയമസഭാ തെരെഞ്ഞെടുപ്പ് പരാജയം; എറണാകുളം സിപിഎമ്മില്‍ കൂട്ട നടപടി

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ വിവിധ മണ്ഡലങ്ങളിലേറ്റ അപ്രതീക്ഷിത പരാജയങ്ങളില്‍ സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയില്‍ കൂട്ട നടപടി. സികെ മണിശങ്കറിനെ ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്നും ഒഴിവാക്കി. വൈറ്റില ഏരിയ സെക്രട്ടറിയായിരുന്ന കെ ഡി വിന്‍സെന്റിനെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനത്ത് നിന്നും ഒഴിവാക്കി.

തൃക്കാക്കരയിലേറ്റ പരാജയത്തിലാണ് ഇരുവര്‍ക്കുമെതിരായ നടപടി. എം സ്വരാജ് അപ്രതീക്ഷിതമായി പരാജയപ്പെട്ട തൃപ്പൂണിത്തുറയിലും നടപടിയുണ്ട്. ജില്ലാ കമ്മിറ്റിയംഗമായിരുന്ന സി എന്‍ സുന്ദരനെ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി. കൂത്താട്ടുകുളം ഏരിയ സെക്രട്ടറി ആയിരുന്ന ഷാജു ജേക്കബിനെ എറണാകുളം ജില്ലാ കമ്മിറ്റിയില്‍ നിന്നും, ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്നും ഒഴിവാക്കി.

കൂത്താട്ടുകുളം പാര്‍ട്ടി ഓഫീസ് സെക്രട്ടറി അരുണിനെ മാറ്റി. പിറവം പരാജയത്തിലാണ് നടപടി. പെരുമ്പാവൂരിലെ പരാജയത്തില്‍ ജില്ല സെക്രട്ടറിയേറ്റ് അംഗം എന്‍സി മോഹനന് പരസ്യ ശാസനയും ഉണ്ടായി. ആലങ്ങാട് ഏരിയ സെക്രട്ടറി എം കെ ബാബുവിനെ താക്കീത് ചെയ്യാനും തീരുമാനിച്ചു.

Top