Assembly election- CPM- to fight -against UDF’s -tactics

കണ്ണൂര്‍: ചില മാധ്യമ പ്രവര്‍ത്തകരെ മുന്‍നിര്‍ത്തി യുഡിഎഫ് ‘കളിക്കുന്ന’ രാഷ്ട്രീയത്തില്‍ രോഷാകുലരായി സിപിഎം നേതൃത്വം.

വിഎസുമായി ബന്ധപ്പെട്ട പ്രമേയം ചൂണ്ടിക്കാട്ടി പിണറായി വിജയനെയും പാര്‍ട്ടിയെയും മാധ്യമപ്രവര്‍ത്തകര്‍ വെട്ടിലാക്കാന്‍ ശ്രമിച്ചതും തുടര്‍ന്ന് നടന്ന വിവാദങ്ങളുമെല്ലാം ആസൂത്രിതമായതാണെന്നാണ് സിപിഎം നേതൃത്വത്തിന്റെ വിലയിരുത്തല്‍.

അഴിമതി കേസുകളില്‍ പ്രതികളായി മുഖ്യമന്ത്രി അടക്കം 99 ശതമാനം മന്ത്രിമാരും അന്വേഷണം നേരിടുന്ന സാഹചര്യത്തില്‍ ഭരണ മാറ്റമുണ്ടായാല്‍ അകത്താകുമെന്ന് പേടിച്ചിട്ടാണ് ‘കൈവിട്ട’ കളിക്ക് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തിറങ്ങുന്നതെന്നാണ് ആരോപണം.

കതിരൂര്‍ മനോജ് വധക്കേസ് സിബിഐക്ക് വിട്ട് പി.ജയരാജനെ അറസ്റ്റുചെയ്ത ബുദ്ധി മറ്റ് പല രൂപത്തില്‍ ഇപ്പോള്‍ സംസ്ഥാനത്ത് നടപ്പാക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസും ബിജെപി നേതാക്കളുമെന്നാണ് സിപിഎം സംശയിക്കുന്നത്.

മുന്‍പു നടന്ന കോ-ലി-ബി മോഡല്‍ സഖ്യം ഈ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാന്‍ നീക്കം നടക്കുന്നതായി സിപിഎം നേതൃത്വം ആരോപിക്കുന്നതും ‘അവിശുദ്ധ’ സഖ്യം മുന്നില്‍ കണ്ടാണ്.

കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെയും ഹൈക്കമാന്റിന്റെയും അഭിപ്രായങ്ങള്‍ ‘ഹൈജാക്ക്’ ചെയ്ത് ആരോപണ വിധേയരായ മന്ത്രിമാരെ മത്സരിപ്പിക്കാന്‍ അനുമതി വാങ്ങിയ മുഖ്യമന്ത്രിക്ക് ഇവരില്‍ ഒരാള്‍ തോല്‍വി ഏറ്റുവാങ്ങിയാല്‍ പോലും കനത്ത പ്രഹരമാകും.

ചുരുക്കത്തില്‍ ഭരണം നഷ്ടപ്പെട്ടാലും ഹൈക്കമാന്റ് മാറ്റി നിര്‍ത്തണമെന്ന് പറഞ്ഞ മന്ത്രിമാരില്‍ ആരെങ്കിലും തോറ്റാല്‍ ഉമ്മന്‍ ചാണ്ടിയുടെ നിലനില്‍പ് അപകടത്തിലാവും. ഇക്കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ട് കൂടിയാണ് സിപിഎമ്മിനെതിരായ പതിവ് വിട്ട ആക്രമണ ശൈലിയുമായി ഉമ്മന്‍ചാണ്ടി മുന്നിട്ടിറങ്ങിയിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ അടുത്ത സുഹൃത്തുകൂടിയായ വെള്ളാപ്പള്ളി നടേശനുമായി ചില ‘ധാരണകള്‍’ ഉണ്ടാക്കി കഴിഞ്ഞതായും ഇതിനകം തന്നെ ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

ഇടതുമുന്നണിയേക്കാള്‍ ജനസ്വാധീനം കൂടുതലുള്ള ഘടക കക്ഷികള്‍ യുഡിഎഫില്‍ ഉള്ളതിനാല്‍ ബിജെപി- ബിഡിജെഎസ് ‘നിലപാട്’ കൂടി വരുന്നതോടെ ഭരണ തുടര്‍ച്ചയുണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ് എന്നാണ് സൂചന.

പരസ്യമായ കോ-ലി-ബി സഖ്യം വന്‍ തിരിച്ചടിക്ക് കളമൊരുക്കിയ ചരിത്രമുള്ളതിനാല്‍ അതീവ രഹസ്യമായ ചില കരുനീക്കങ്ങള്‍ അണിയറയില്‍ നടക്കുന്നതായാണ് ആരോപണം.

മുന്‍ കാലങ്ങളില്‍ അധികാരത്തില്‍ വന്ന യുഡിഎഫ് സര്‍ക്കാരിനേക്കാള്‍ ഇപ്പോഴുള്ള സര്‍ക്കാറാണ് സിപിഎം നെ രൂക്ഷമായി കടന്നാക്രമിക്കുന്നത് എന്നതിനാല്‍ അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രി അടക്കം അനുഭവിക്കേണ്ടിവരുമെന്ന് തന്നെയാണ് സിപിഎം നേതൃത്വത്തിന്റെ മുന്നറിയിപ്പ്.

കോ-ലി-ബി സഖ്യം പരസ്യ പ്രചരണമാക്കി യുഡിഎഫിനെയും ബിജെപിയെയും കടന്നാക്രമിക്കാനാണ് സിപിഎം ഇപ്പോള്‍ പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

Top