assembly-election-conflict-muslim league-abdurabb-Kunhalikkutty

തിരുവനന്തപുരം: മുന്‍ മന്ത്രി കെ.കുട്ടിഅഹമ്മദ്കുട്ടിക്ക് നിയമസഭാ സീറ്റു നല്‍കാതെ ഒതുക്കിയ കുഞ്ഞാലിക്കുട്ടി ബന്ധുവായ മന്ത്രി അബ്ദുറബ്ബിന്റെ പിടിവാശിക്കു മുന്നില്‍ മുട്ടുമടക്കി. മന്ത്രി സ്ഥാനം കിട്ടിയതിനാല്‍ ഇത്തവണ മാറിനില്‍ക്കാമെന്ന പാര്‍ട്ടിതലത്തിലുണ്ടായ ധാരണ തെറ്റിച്ചാണ് ഹൈദരലി ശിഹാബ് തങ്ങളെയും കുഞ്ഞാലിക്കുട്ടിയേയും സ്വാധീനിച്ച് അബ്ദു റബ്ബ് സ്ഥാനാര്‍ത്ഥി ലിസറ്റില്‍ ഇടം കണ്ടെത്തിയത്.

ഇത്തവണ അബ്ദുറബ്ബ് മത്സരരംഗത്തുനിന്നും മാറിനിന്ന് ഐ.എന്‍.എല്ലില്‍ നിന്നും രാജിവെച്ചെത്തിയ പി.എം.എ സലാമിനെ തിരൂരങ്ങാടിയില്‍ മത്സരിപ്പിക്കാമെന്നായിരുന്നു ലീഗ് നേതൃത്വത്തിലുണ്ടായിരുന്ന ധാരണ. ഐ.എന്‍.എല്‍ സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിനെ അടര്‍ത്തിയാണ് കോഴിക്കോട് രണ്ടില്‍ നിന്നും ഇടതുപിന്തുണയോടെ എം.എല്‍.എയായിരുന്ന സലാം ലീഗിലെത്തിയത്. എന്നാല്‍ കഴിഞ്ഞ തവണ സലാമിന് മത്സരിക്കാന്‍ സീറ്റു നല്‍കിയരുന്നില്ല. പകരം പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം നല്‍കുകയായിരുന്നു. ഇത്തവണ സലാമിനെ തിരൂരങ്ങാടിയിലും ജയസാധ്യതയുള്ള വള്ളിക്കുന്ന് മണ്ഡലത്തിലും പരിഗണിക്കാതിരുന്നതില്‍ വലിയ പ്രതിഷേധമാണ് അണികള്‍ക്കിടയില്‍ ഉയര്‍ന്നിട്ടുള്ളത്.

മികച്ച നിയമസഭാ സാമാജികനും മന്ത്രിയുമെന്ന നിലയില്‍ കഴിവുതെളിയിച്ച മുന്‍ തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി കെ. കുട്ടി അഹമ്മദ്കുട്ടിക്ക് സീറ്റ് നിഷേധിച്ചത് മന്ത്രിയായതിനാല്‍ മാറി നില്‍ക്കണമെന്ന നിബന്ധനവെച്ചാണ്. 92ല്‍ താനൂര്‍ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പില്‍ ജയിച്ച് എം.എല്‍.എയായ കുട്ടി അഹമ്മദ്കുട്ടി 96 മുതല്‍ മൂന്നു തവണ തിരൂരങ്ങാടിയുടെ എം.എല്‍.എയായിരുന്നു.

2006ല്‍ പി.കെ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ്ബഷീറും എം.കെ മുനീറും പരാജയപ്പെട്ട നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരൂരങ്ങാടിയില്‍ നിന്നും വന്‍ ഭൂരിപക്ഷത്തിലാണ് കുട്ടി അഹമ്മദ്കുട്ടി വിജയിച്ചത്. എന്നിട്ടും 2011ല്‍ കുട്ടിഅഹമ്മദ്കുട്ടിക്ക് സീറ്റ് നിഷേധിച്ച് അബ്ദുറബ്ബിനെ തിരൂരങ്ങാടിയില്‍ മത്സരിപ്പിക്കുകയായിരുന്നു. മുന്‍ ഉപമുഖ്യമന്ത്രി അവുക്കാദര്‍കുട്ടി നഹയുടെ മകനായ അബ്ദുറബ്ബ് കുഞ്ഞാലിക്കുട്ടിയുടെ സഹോദരീ പുത്രന്‍കൂടിയാണ്. ഈ കുടുംബബന്ധമാണ് ഇപ്പോള്‍ അബ്ദുറബ്ബിന് തുണയായത്.

1996ല്‍ താനൂരില്‍ നിന്നും എം.എല്‍.എയായ അബ്ദുറബ്ബിന് 2006ല്‍ മഞ്ചേരിയിലും 2011ല്‍ തിരൂരങ്ങാടിയിലും സീറ്റു നല്‍കി. ഇത്തവണ മാറി നില്‍ക്കില്ലെന്ന അബ്ദുറബ്ബിന്റെ വാശിക്കു മുന്നില്‍ ലീഗ് നേതൃത്വം കീഴടങ്ങുന്നതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നു തുടങ്ങിയ പ്രതിഷേധം പൊട്ടിത്തെറിയില്‍ കലാശിച്ചാല്‍ തിരൂരങ്ങാടിയില്‍ അബ്ദുറബ്ബിന്റെ നിലനില്‍പ്പിന് തന്നെ അപകടമാവും.

അബ്ദുറബ്ബ് നേരത്തെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പരപ്പനങ്ങാടി നഗരസഭയായപ്പോള്‍ ലീഗിന് ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഭരണം ലഭിച്ചത്. കോണ്‍ഗ്രസിലെ ഒരു വിഭാഗവും സി.പി.എമ്മും കൈകോര്‍ത്ത പരപ്പനങ്ങാടിയിലെ ജനകീയ മുന്നണി നേതാവായ നിയാസ് പുളിക്കലകത്താണ് ഇത്തവണ ഇടതു സ്വതന്ത്രനായി തിരൂരങ്ങാടിയില്‍ മത്സരിക്കുന്നത്. ഇതും ലീഗിന് കനത്ത വെല്ലുവിളി ഉയര്‍ത്തുന്നതാണ്.

Top