ഗുജറാത്ത് ആര്‍ക്കൊപ്പം, ഇന്നറിയാം; ഹിമാചലിലും ഇന്ന് വോട്ടെണ്ണല്‍

ഡല്‍ഹി: ഗുജറാത്തിലെയും ഹിമാചല്‍ പ്രദേശിലെയും ജനവിധി ഇന്നറിയാം. നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ രാവിലെ എട്ട് മണിയ്ക്കാണ് ആരംഭിക്കുന്നത്. ഗുജറാത്തില്‍ 33 ജില്ലകളിലായി 37 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് തയ്യാറാക്കിയിട്ടുള്ളത്. ഹിമാചല്‍ പ്രദേശിലും രാവിലെ എട്ട് മണിയ്ക്ക് തന്നെ വോട്ടെണ്ണല്‍ ആരംഭിക്കും.

ഗുജറാത്തില്‍ 182 ഒബ്സര്‍വര്‍മാര്‍ അടക്കം 700ഓളം ഉദ്യോഗസ്ഥരെയാണ് കൗണ്ടിംഗ് സ്റ്റേഷനുകളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിക്കുക. 27 വര്‍ഷമായി ഭരണം നിലനിര്‍ത്തുന്ന ബിജെപിക്ക് ഇത്തവണയും വന്‍ ഭൂരിപക്ഷം ലഭിക്കുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചത്. എന്നാല്‍ ഭരണ വിരുദ്ധ വികാരം സംസ്ഥാനത്തുണ്ടെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് ക്യാമ്പ്.

ഹിമാചല്‍ പ്രദേശിലും ബിജെപിക്ക് ഭരണത്തുടര്‍ച്ചയെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നത്. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് സമാനമായി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി അധികാരം പിടിച്ചെടുക്കുമെന്നാണ് ഫലങ്ങള്‍ നല്‍കുന്ന സൂചന.

ഉപതെരഞ്ഞെടുപ്പ് നടന്ന ഉത്തര്‍പ്രദേശ് മെയിന്‍പുരി ലോക്സഭ മണ്ഡലത്തിലും വിവിധ സംസ്ഥാനങ്ങളിലെ മറ്റ് ആറ് നിയമസഭമണ്ഡലങ്ങളിലും ഇന്ന് വോട്ടെണ്ണല്‍ നടക്കും. സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിന്റെ മരണത്തെ തുടര്‍ന്ന് ഒഴിവ് വന്ന മെയിന്‍പുരി സീറ്റില്‍ അദ്ദേഹത്തിന്റെ മകന്‍ അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവാണ് എസ് പി സ്ഥാനാര്‍ത്ഥിയായി ജനവിധി തേടിയത്. യുപിയിലെ രാംപൂര്‍,ഖട്ടൗലി എന്നിവിടങ്ങളിലും ഒഡീഷ, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ബീഹാര്‍ സംസ്ഥാനങ്ങളിലെ നിയമസഭ മണ്ഡലങ്ങളുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

 

Top