ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് ജൂൺ ഒന്നിന് നടക്കും

തിരുവനന്തപുരം: നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് ജൂൺ ഒന്നിന്. ഇടതുമുന്നണിയിൽ സിപിഐ അംഗവും അടൂർ എംഎൽഎയുമായ ചിറ്റയം ഗോപകുമാറാണ് മത്സരിക്കുക. നാളെയാണ് പത്രിക സമർപ്പിക്കാനുള്ള തീയതി. സ്പീക്കർ തെരഞ്ഞെടുപ്പിൽ മത്സരിച്ച യുഡിഎഫ് ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പിലും മത്സരിക്കാനാണ് സാധ്യത.

നിലവിലെ നിയമസഭയിൽ 99 അംഗങ്ങളാണ് ഇടതുപക്ഷത്തുള്ളത്. 41 പേരാണ് പ്രതിപക്ഷത്തുള്ളത്. സ്പീക്കർ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ എംബി രാജേഷ് വിജയിച്ചത് 40 നെതിരെ 96 വോട്ടുകൾ നേടിയാണ്. മന്ത്രി വി അബ്ദുറഹിമാൻ, കെ ബാബു എംഎൽഎ, പ്രോ ടൈം സ്പീക്കറായിരുന്ന പിടിഎ റഹീം എന്നിവരും പ്രതിപക്ഷ അംഗം വിൻസന്റ് എംഎൽഎയും വോട്ട് രേഖപ്പെടുത്തിയിരുന്നില്ല. നിലവിലെ അംഗബലം അനുസരിച്ച്, അട്ടിമറികൾ ഉണ്ടായില്ലെങ്കിൽ ഇടതുമുന്നണി സ്ഥാനാർത്ഥി തന്നെ ഡെപ്യൂട്ടി സ്പീക്കർ ആകാനാണ് സാധ്യത.

Top