നിയമസഭ ഉപതെരഞ്ഞെടുപ്പ്; മമതയ്‌ക്കെതിരെ മത്സരിക്കേണ്ടെന്ന് കോണ്‍ഗ്രസ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരേ മത്സരിക്കേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനം. മമത മത്സരിക്കുന്ന ഭവാനിപുര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തില്ലെന്ന് പി.സി.സി. അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരി അറിയിച്ചു. ഭാവാനിപുര്‍ അടക്കം സംസ്ഥാനത്തെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പ് ഈ സപ്തംബര്‍ മുപ്പതിനാണ് നടക്കുന്നത്.

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വന്‍ വിജയം സ്വന്തമാക്കി അധികാരം നിലനിര്‍ത്തിയെങ്കിലും മുഖ്യമന്ത്രി മമത നന്ദിഗ്രാമില്‍ നടന്ന താരപ്പോരില്‍ ബി.ജെ.പിയുടെ സുവേന്ദു അധികാരിയോട് 1956 വോട്ടിന് പരാജയപ്പെട്ടു.

പിന്നീട് മുഖ്യമന്ത്രിയായി ചുമതലയേറ്റ മമതയ്ക്ക് നിയമസഭയിലേയ്ക്കുള്ള വഴിതെളിക്കാനായി സൊവന്‍ദേബ് ചാറ്റര്‍ജി ഭവാനിപുര്‍ സീറ്റ് ഒഴിഞ്ഞുകൊടുക്കുകയായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 28,719 വോട്ടിനാണ് സൊവന്‍ദേവ് ബി.ജെ.പി.യുടെ രുദ്രനീല്‍ ഘോഷിനെ പരാജയപ്പെടുത്തിയത്. അഞ്ചു തവണ വിജയിച്ച ഈ സീറ്റില്‍ കോണ്‍ഗ്രസിന് 5211 വോട്ട് മാത്രമാണ് നേടാനായത്.

Top