ജമ്മു കശ്മീരില്‍ നിയമസഭാ-തദ്ദേശ തെരഞ്ഞെടുപ്പുകള്‍ വൈകും;സംവരണ മണ്ഡലങ്ങള്‍ കണ്ടെത്താന്‍ വൈകുന്നു

ലഡാക്ക്: ജമ്മു കശ്മീരില്‍ നിയമസഭാ-തദ്ദേശ തെരഞ്ഞെടുപ്പുകള്‍ ഇനിയും വൈകും. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമാകും നിയമസഭാ-തദ്ദേശ തെരഞ്ഞെടുപ്പുകള്‍ നടത്തുക. ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ക്രമീകരണം പൂര്‍ത്തിയാക്കാനാകില്ലെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തിലാണ് തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നീട്ടിവയ്ക്കുന്നത്. കാലാവധി പൂര്‍ത്തിയായതോടെ കശ്മീര്‍ താഴ്വരയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണം പ്രതിസന്ധിയിലായിരിക്കുകയാണ്.

സംവരണ മണ്ഡലങ്ങള്‍ കണ്ടെത്തുന്നതും തെരഞ്ഞെടുപ്പ് നടത്തിപ്പ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറില്‍ നിന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസറിലേക്ക് മാറ്റുന്നതും തെരഞ്ഞെടുപ്പ് വൈകാനുള്ള മറ്റൊരു കാരണമാണ്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും വിന്യാസം, വോട്ടിംഗ് മെഷീനുകളുടെ അടിയന്തിരമായി തയ്യാറാക്കുക ഉള്‍പ്പടെയുള്ള ചുമതല അടിയന്തിരമായി തീര്‍ക്കേണ്ടിവരും. ഇതിനാവശ്യമായ സംവിധാനങ്ങളെക്കുറിച്ച് കണക്കാക്കി വരുന്നതേയുള്ളൂ. ഇതേ തുടര്‍ന്നാണ് തദ്ദേശ തെരഞ്ഞെടുപ്പ് ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം നടത്താനുള്ള തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്. ഈ വര്‍ഷം സെപ്തംബര്‍ 30നകം ജമ്മു കശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. ജമ്മു കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി റദ്ദാക്കിയ വിധിയിലായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്.

രണ്ട് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളും 57 മുനിസിപ്പല്‍ കമ്മിറ്റികളും 19 മുനിസിപ്പല്‍ കൗണ്‍സിലുകളും ഉള്‍പ്പെടുന്നതാണ് നഗര കേന്ദ്രീകൃത തദ്ദേശ സ്ഥാപനങ്ങള്‍. 79 നഗര കേന്ദ്രീകൃത തദ്ദേശ സ്ഥാപനങ്ങളുടെ കാലാവധി 2023 നവംബര്‍ 14ന് അവസാനിച്ചിരുന്നു. ഗ്രാമ പ്രദേശങ്ങളിലെയും തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന കാലാവധി അവസാനിച്ചിട്ടുണ്ട്. ഇതിനിടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന സംവരണം സംബന്ധിച്ചും ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. ഒബിസി വിഭാഗങ്ങള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് സംവരണം ഏര്‍പ്പെടുത്തിയത് നടപ്പാക്കുന്നതില്‍ ഭരണഘടനാ പ്രശ്നം ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉള്‍പ്പെടെയാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വൈകാന്‍ കാരണം.

Top