മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവം; കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട്: കോണ്‍ഗ്രസ് നേതാക്കള്‍ മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ നടപടിക്ക് ശുപാര്‍ശ. ആക്രമണത്തിന് നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് നേതാക്കളെ സസ്പെന്‍ഡ് ചെയ്യും.

നടപടിക്ക് ശുപാര്‍ശ ചെയ്തുള്ള റിപ്പോര്‍ട്ട് ഡി സി സി പ്രസിഡന്റ് പ്രവീണ്‍ കുമാറിന് കൈമാറി. അന്വേഷണ കമ്മിഷന്‍ ഇരകളുടെ മൊഴിയെടുത്തിരുന്നു. കെപിസിസി നിര്‍ദേശ പ്രകാരമാണ് കമ്മിഷനെ നിയോഗിച്ചത്.

കോഴിക്കോട് എ.ഗ്രൂപ്പിന്റെ രഹസ്യയോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റത്. മുന്‍.ഡി.സി.സി പ്രസിഡന്റ് യു രാജീവന്റെ നേതൃത്വത്തിലായിരുന്നു യോഗം.

ആക്രമണത്തില്‍ 20 പേര്‍ക്കെതിരെ കേസെടുത്തിരുന്നു. മുന്‍ ഡി.സി.സി പ്രസിഡന്റ് യു.രാജീവന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസെടുത്തത്. ഈ വിഷയത്തില്‍ ഡി.സി.സി പ്രസിഡന്റ് കെ.പ്രവീണ്‍കുമാര്‍ മാധ്യമങ്ങളോട് ക്ഷമ ചോദിച്ചിരുന്നു.

കുറ്റക്കാര്‍ക്കുനേരെ കടുത്ത നടപടി ഉണ്ടാകുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ പറഞ്ഞിരുന്നു. മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തിട്ടില്ലെന്നാണ് യു.രാജീവ് വിശദീകരണം നല്‍കിയിരുന്നത്.

Top