സാലിഹ് അറൂരിയുടെ വധം; യുദ്ധമുഖം മാറുമെന്ന് ആശങ്ക

ബൈറൂത്ത്: ഹമാസ് ഉപമേധാവി സാലിഹ് അറൂരിയെ ഇസ്രായേല്‍ ബൈറൂത്തില്‍ ?നടത്തിയ ഡ്രോണാക്രമണത്തില്‍ വധിച്ചതോടെ യുദ്ധമുഖം മാറുമെന്ന് ആശങ്ക. ലബനാന്‍ തലസ്ഥാനത്ത് ഹിസ്ബുല്ല അടക്കം സംഘടനകളുടെ ഓഫീസ് പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തിലാണ് ഉഗ്രസ്‌ഫോടനത്തില്‍ അറൂരിയും രണ്ട് അല്‍ഖസ്സാം കമാന്‍ഡര്‍മാരും ചൊവ്വാഴ്ച വൈകി കൊല്ലപ്പെട്ടത്. ഒക്ടോബര്‍ ഏഴിനു ശേഷം ഹമാസ് വക്താവായി വിഷയങ്ങള്‍ പുറംലോകത്തോട് പങ്കുവെച്ചത് അറൂരിയായിരുന്നു. ഖസ്സാം ബ്രിഗേഡ് സ്ഥാപകരില്‍ പ്രമുഖനും നിലവില്‍ ഹമാസ് രാഷ്ട്രീയ ഉപമേധാവിയുമായ അദ്ദേഹത്തെ ഏറെയായി ഇസ്രായേല്‍ ലക്ഷ്യം വെക്കുന്നുണ്ട്. ഇതിനൊടുവിലാണ് ബൈറൂത്തിനെ ഒരിക്കലൂടെ കുരുതിക്കളമാക്കി ആക്രമണം.

ലബനാന്‍ തലസ്ഥാനമായ ബൈറൂത്തില്‍ ഇസ്രായേല്‍ ആക്രമണത്തിലാണ് മുതിര്‍ന്ന ഹമാസ് നേതാവ് സാലിഹ് അറൂരി കൊല്ലപ്പെടുന്നത്. ദക്ഷിണ ബൈറൂത്തിലെ മശ്‌റഫിയ്യയില്‍ ഹമാസ് ഓഫിസിനുനേരെ ചൊവ്വാഴ്ച രാത്രിയോടെയാണ് ഇസ്രായേല്‍ ഡ്രോണുകള്‍ ആക്രമണം നടത്തിയത്. അറൂരിക്കൊപ്പം സായുധവിഭാഗമായ ഖസ്സാം ബ്രിഗേഡിലെ രണ്ടു കമാന്‍ഡര്‍മാരും കൊല്ലപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ ആളപായമുണ്ടായതായും ഒരു കെട്ടിടം തകര്‍ന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.ഹമാസ് സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ് സ്ഥാപകരിലൊരാള്‍ കൂടിയായ അറൂരി യു.എസ് ഭീകരപ്പട്ടികയില്‍ പെട്ടയാളുമാണ്. 50 ലക്ഷം ഡോളറാണ് അദ്ദേഹത്തെ കുറിച്ച സൂചന നല്‍കുന്നവര്‍ക്ക് യു.എസ് വിലയിട്ടിരുന്നത്. നേരത്തെ ഒന്നര പതിറ്റാണ്ടുകാലം ഇസ്രായേല്‍ തടവറയില്‍ കഴിഞ്ഞ ശേഷം മോചിതനായി ലബനാനില്‍ കഴിഞ്ഞുവരികയായിരുന്നു. ഒക്ടോബര്‍ ആക്രമണത്തിനു ശേഷം വെസ്റ്റ് ബാങ്കിലെ അദ്ദേഹത്തിന്റെ വീട് ഇസ്രായേല്‍ ബോംബിട്ട് തകര്‍ത്തിരുന്നു.

ഹമാസ് പ്രമുഖരില്‍ ഇസ്രായേല്‍ ലക്ഷ്യം വെക്കുന്ന അവസാനത്തെയാളാണ് അറൂരി. ഹമാസ് യുദ്ധമുറകളുടെ ബുദ്ധികേന്ദ്രമായിരുന്ന യഹ്‌യ അയ്യാശിനെ 1996ല്‍ വധിച്ചാണ് തുടക്കം. 2002ല്‍ എഫ്-16 യുദ്ധവിമാനം നടത്തിയ ആക്രമണത്തില്‍ ശൈഖ് സലാഹ് ശഹാദയും 2004ല്‍ യുദ്ധ ഹെലികോപ്റ്റര്‍ ആക്രമണത്തില്‍ ശൈഖ് അഹ്‌മദ് യാസീനും കൊല്ലപ്പെട്ടു. അതേ വര്‍ഷം, ഉപസ്ഥാപകന്‍ അബ്ദുല്‍ അസീസ് റന്‍തീസിയും 2006ല്‍ സായുധ വിഭാഗം നേതാവ് നബില്‍ അബൂസല്‍മിയയും ഇസ്രായേല്‍ ആക്രമണതിനിരയായി. ഗസ്സയില്‍ കൂട്ടക്കുരുതി തുടരുന്ന ഇസ്രായേലിന് ഒക്ടോബര്‍ ഏഴിന് ശേഷം ഒരു ബന്ദിയെ പോലും മോചിപ്പിക്കാനായിരുന്നില്ല. ഇതോടെയാണ്, ബുദ്ധികേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മറ്റു രാജ്യങ്ങളിലെ നേതാക്കളെയും ലക്ഷ്യമിടുമെന്ന് ഇസ്രായേല്‍ പ്രഖ്യാപിച്ചത്.ഹമാസ് നേതാക്കളെ ഗസ്സയിലും ഫലസ്തീന് പുറത്തും ഇല്ലാതാക്കാമെന്ന് അടുത്തിടെയാണ് ഇസ്രായേല്‍ പ്രഖ്യാപിച്ചത്. എന്നാല്‍, തങ്ങളുടെ മണ്ണില്‍ തങ്ങളെയോ മറ്റേതെങ്കിലും സംഘടനാനേതാക്കളെയോ ലക്ഷ്യമിട്ടാല്‍ പ്രത്യാഘാതം ചെറുതാകില്ലെന്ന് ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റുല്ല വ്യക്തമാക്കിയിരുന്നു. ലബനാന്‍- ഇസ്രായേല്‍ അതിര്‍ത്തിയില്‍ ആക്രമണം ഇപ്പോഴും നടക്കുന്നുണ്ട്. എന്നാല്‍, സംഭവത്തോടെ പ്രശ്‌നം കൂടുതല്‍ വഷളാകുമെന്ന ആശങ്ക നിലനില്‍ക്കുകയാണ്.

Top