ത്രിപുര മുഖ്യമന്ത്രിക്കു നേരെ വധശ്രമം

അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിനെ വധിക്കാന്‍ ശ്രമിച്ച മൂന്ന് പേരെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. ശ്യാമപ്രസാദ് മുഖര്‍ജി ലെയ്നിലെ ഔദ്യോഗിക വസതിക്കു സമീപം ബിപ്ലബ് കുമാര്‍ സായാഹ്ന സവാരിക്കിറങ്ങിയപ്പോഴാണ് വധശ്രമമുണ്ടായത്.

മുഖ്യമന്ത്രിയുടെ സുരക്ഷാ വലയത്തിലേക്ക് അക്രമികള്‍ കാര്‍ ഇടിച്ചുകയറ്റുകയായിരുന്നു. ബിപ്ലബ് കുമാര്‍ ഒരുവശത്തേക്കു ചാടിമാറിയതിനാല്‍ അപകടമുണ്ടായില്ല. അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഒരാള്‍ക്ക് നേരിയ പരുക്കേറ്റു. സുരക്ഷ ഉദ്യോഗസ്ഥര്‍ കാര്‍ തടഞ്ഞുനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

വ്യാഴാഴ്ച രാത്രി കെര്‍ചൗമുഹാനി പ്രദേശത്തു നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. വാഹനവും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസ് എടുത്തു. വെള്ളിയാഴ്ച ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനുമുന്നില്‍ ഹാജരാക്കിയ പ്രതികളെ ഓഗസ്റ്റ് 19 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Top