സിഒടി നസീറിനെതിരായ വധശ്രമം ; മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

തലശേരി: വടകര മണ്ഡലം സ്വതന്ത്ര സ്ഥാനാര്‍ഥിയും മുന്‍ സിപിഎം നേതാവുമായിരുന്ന സിഒടി നസീറിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍, മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.

കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇദ്ദേഹത്തിന്റെ മൊഴി പൊലീസ് ആശുപത്രിയിലെത്തി രേഖപ്പെടുത്തിയിരുന്നു. നസീറിന് തലയിലും കൈകാലുകളിലും വയറിലും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. ഇപ്പോഴും തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

സിപിഎമ്മുമായി അകന്നതും ലോക്സഭ തെരഞ്ഞെടുപ്പില്‍ വടകരയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതുമാണ് വിരോധത്തിന് കാരണമെന്ന് നസീര്‍ മൊഴി നല്‍കിയിട്ടുണ്ട്. ബൈക്കിലെത്തിയ മൂന്നംഗ സംഘത്തില്‍ ഒരാള്‍ ഇരുമ്പുവടി കൊണ്ട് തലയ്ക്ക് അടിക്കുകയും, മറ്റൊരാള്‍ കത്തി കൊണ്ട് വയറിലും കൈകളിലും കുത്തുകയും ബൈക്ക് ഓടിച്ചയാള്‍ നിലത്ത് വീണ നസീറിന്റെ ദേഹത്ത് കൂടി ബൈക്ക് കയറ്റാന്‍ ശ്രമിച്ചുവെന്നാണ് മൊഴി.

ശനിയാഴ്ച വൈകുന്നേരം തലശ്ശേരി കയ്യത്ത് റോഡിലാണ് സംഭവം. സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുകയായിരുന്നു നസീര്‍. ഇതിനിടെ ബൈക്കിലെത്തിയ മൂന്നംഗ സംഘം സ്‌കൂട്ടര്‍ ഇടിച്ച ശേഷം വെട്ടിപരിക്കേല്‍പിക്കുകയായിരുന്നു.

Top