ജൂലിയന്‍ അസാഞ്ച് ജയിലില്‍ കിടന്ന് മരിക്കും; ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്

വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിന് അടിയന്തര മെഡിക്കല്‍ പരിചരണം നല്‍കിയില്ലെങ്കില്‍ ജയിലില്‍ കിടന്ന് മരിക്കുമെന്ന് ഡോക്ടര്‍മാര്‍. അമേരിക്കയിലേക്ക് വിചാരണയ്ക്ക് അയയ്ക്കാന്‍ പര്യാപ്തമായ ആരോഗ്യസ്ഥിതിയില്ല അസാഞ്ചെന്നാണ് 60 ഡോക്ടര്‍മാര്‍ ഒപ്പുവെച്ച കത്തില്‍ വ്യക്തമാക്കുന്നത്. യുകെ, ഓസ്‌ട്രേലിയ, യൂറോപ്പ്, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സംഘം 48കാരനായ അസാഞ്ചിന്റെ ആരോഗ്യസ്ഥിതിയില്‍ ഗുരുതരമായ ആശങ്കകള്‍ അറിയിച്ചു.

ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലിനാണ് ഡോക്ടര്‍മാര്‍ ഇതുസംബന്ധിച്ച കത്തയച്ചത്. സൗത്ത്ഈസ്റ്റ് ലണ്ടനിലെ ബെല്‍മാര്‍ഷ് ജയിലില്‍ പാര്‍പ്പിച്ചിട്ടുള്ള അസാഞ്ച് ഫെബ്രുവരിയില്‍ യുഎസിലേക്ക് നാടുകടത്തുന്നതിനുള്ള വിചാരണ നേരിടും. പെന്റഗണ്‍ കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്തത് ഉള്‍പ്പെടെ 18 കുറ്റങ്ങളാണ് അമേരിക്കയില്‍ അസാഞ്ചിനെതിരെ ചുമത്തിയിട്ടുള്ളത്.

മുന്‍ യുഎസ് ആര്‍മി ഇന്റലിജന്‍സ് അനലിസ്റ്റ് ചെല്‍സി മാന്നിംഗിന് ഒപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ച അസാഞ്ച് ആയിരക്കണക്കിന് രഹസ്യരേഖകള്‍ ചോര്‍ത്തിയെന്നാണ് ആരോപണം. എന്നാല്‍ ഇതിന് മുന്‍പ് വിക്കിലീക്‌സ് സ്ഥാപകനെ യൂണിവേഴ്‌സിറ്റി ടീച്ചിംഗ് ആശുപത്രിയിലേക്ക് മാറ്റണെന്നാണ് ഡോക്ടര്‍മാരുടെ ആവശ്യം. മെഡിക്കല്‍ വിദഗ്ധരുടെ സംഘം ഇവിടെ ആവശ്യമായ ചികിത്സ ലഭ്യമാക്കും.

ഇതിന് സാധിച്ചില്ലെങ്കില്‍ അസാഞ്ച് യുകെ ജയിലില്‍ കിടന്ന് മരിക്കുമെന്ന് ഭയക്കുന്നതായി ഡോക്ടര്‍മാര്‍ ഓര്‍മ്മിപ്പിച്ചു. സമയം പാഴാക്കാനില്ലെന്നും അവര്‍ വ്യക്തമാക്കി. അസാഞ്ചിന് എതിരായ ലൈംഗിക പീഡന പരാതിയില്‍ കഴിഞ്ഞ ആഴ്ചയാണ് സ്വീഡിഷ് അധികൃതര്‍ അന്വേഷണം അവസാനിപ്പിച്ചത്. കഴിഞ്ഞ ഏപ്രിലിലാണ് ഇക്വഡോര്‍ എംബസിയില്‍ കടന്ന് പോലീസ് അസാഞ്ചിനെ നാടകീയമായി പിടിച്ച് പുറത്താക്കിയത്.

Top