അസാൻജിനും പങ്കാളിക്കും ജയിലിൽവെച്ച്​ വിവാഹം കഴിക്കാൻ അനുമതി

ലണ്ടൻ: വിക്കിലീക്​സ്​ സ്​ഥാപകൻ ജൂലിയൻ അസാൻജിനും പങ്കാളിക്കും ജയിലിൽവെച്ച്​ വിവാഹം കഴിക്കാൻ അനുമതി. ബെൽമാരിഷ്​ ജയിലിലാണ്​ ഇവരുടെ വിവാഹം നടക്കുക. 2019 മുതൽ ജയിലിൽ കഴിയുകയാണ്​ ഇദ്ദേഹം. അസാൻജിനെ വിട്ടുകിട്ടാൻ യു.എസ്​ നടപടിക്രമങ്ങൾ ആരംഭിച്ചതിന്​ പിന്നാലെയാണ്​ ഇദ്ദേഹത്തെ​ ബ്രിട്ടൺ തടവിലാക്കിയത്​.

പങ്കാളിയായ സ്​റ്റെല്ല മോറിസിനെ വിവാഹം കഴിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട്​ അസാൻജ്​​ ജയിൽ ഗവർണർക്ക്​ അപേക്ഷ നൽകിയിരുന്നു. ഇവരുടെ അപേക്ഷ പരിഗണിച്ച ഗവർണർ വിവാഹത്തിന്​ അനുമതി നൽകുകയായിരുന്നു.

ലണ്ടനിലെ ഇക്വഡോർ എംബസിയിൽ അസാൻജ്​​ താമസിക്കുന്നതിനിടെയാണ്​ ഇരുവരും കണ്ടുമുട്ടിയത്​. ഇവർക്ക്​ രണ്ടുകുട്ടികളുണ്ട്​. 1983ലെ വിവാഹ നിയമപ്രകാരം ജയിൽവാസികൾക്ക്​ ജയിലിൽവെച്ച്​ വിവാഹം കഴിക്കാൻ അനുമതി തേടാം. അപേക്ഷ പരിഗണിക്കുക ഗവർണർമാരായിരിക്കും.

ഇക്വഡോർ എംബസിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന സമയത്ത്​ തന്‍റെ അഭിഭാഷകരിൽ ഒരാളായ സ്​റ്റെല്ലയുമായി രഹസ്യബന്ധം സൂക്ഷിക്കുകയായിരുന്നു. ഇരുവർക്കും കുട്ടികൾ പിറന്ന വാർത്ത പിന്നീട്​ വാഷിങ്​ടൺ പോസ്റ്റ്​ പുറത്തുവിട്ടു. അസാൻജുമായുള്ള ബന്ധത്തിന്‍റെ വിവരങ്ങൾ സ്​റ്റെല്ല തന്നെയാണ്​ പുറത്തുവിട്ടതും.

Top