പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധം കനക്കുന്നു ; വെടിവെപ്പില്‍ മൂന്ന് മരണം

ന്യൂഡല്‍ഹി : പൗരത്വ ബില്‍ ഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ബില്ലിനെതിരെ അസമില്‍ നടക്കുന്ന പ്രക്ഷോഭകര്‍ക്ക് നേരെയുണ്ടായ വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഉലുബാരി, ഹാത്തിഗാം, വസിഷ്ടചാരിയാലി എന്നിവിടങ്ങളിലാണ് വെടിവെപ്പുണ്ടായത്.

കൊല്ലപ്പെട്ടവരിൽ ഒരാൾ ധിപഞ്ചൻ ദാസ് എന്ന യുവാവാണെന്ന് തിരിച്ചറിഞ്ഞു. നിരോധനാജ്ഞ ലംഘിച്ച് തെരുവിലിറങ്ങിയവർക്ക് നേരെയാണ് വെടിവയ്പുണ്ടായത്. നിരവധി പ്രക്ഷോഭകർക്ക് പരുക്കേറ്റിട്ടുണ്ട്.

പ്രതിഷേധക്കാരെ പിരിച്ചുവിടാൻ സുരക്ഷാ സേന ചിലയിടങ്ങളിൽ ആകാശത്തേക്ക് വെടിയുതിര്‍ത്തുവെന്ന് വാര്‍ത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അടുത്ത പത്ത് ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചു.

അതേസമയം അസമിൽ തുടരുന്ന പ്രതിഷേധം മേഘാലയയിലേക്കും വ്യാപിച്ചിട്ടുണ്ട്. ഇവിടെയും ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. അസമിൽ ഇന്ന് അസം ഗണ പരിഷത്തിന്റെ ഗുവാഹത്തിയിലെ ഓഫീസിന് നേരെ ആക്രമണം ഉണ്ടായി. ഓഫീസിന് മുന്നിൽ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങൾ പ്രതിഷേധക്കാര്‍ തകര്‍ത്തു.

ശക്തമായ പ്രക്ഷോഭങ്ങളെ തുടർന്ന് വടക്കുകിഴക്കൻ ഇന്ത്യയിൽ ട്രെയിൻ വ്യോമഗതാഗതം തടസപ്പെട്ടു. ജനങ്ങൾ ശാന്തരാകണമെന്ന് അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ ജനങ്ങളോട് അഭ്യർഥിച്ചു. അസമിലെ ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്ന് ഉറപ്പ് നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എകെ അബ്ദുള്‍ മൊമന്‍ ഇന്ത്യന്‍ സദര്‍ശനം റദ്ദാക്കിയിരുന്നു. ഡിസംബര്‍ 12 മുതല്‍ 14 വരെയാണ് എകെ അബ്ദുള്‍ മൊമന്‍ ഇന്ത്യ സന്ദര്‍ശിക്കാനിരുന്നത്. ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ അരക്ഷിതരാണെന്ന അഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയെ തള്ളി നേരത്തെ മൊമന്‍ രംഗത്ത് വന്നിരുന്നു.

Top