അസമിനെ അടിച്ചമര്‍ത്താനും ആക്രമിക്കാനും ബിജെപിയെ അനുവദിക്കില്ല; രാഹുല്‍ ഗാന്ധി

ഗുവാഹത്തി: അസമിന്റെ ചരിത്രത്തെയും പാരമ്പര്യത്തെയും സംസ്‌കാരത്തെയും ആക്രമിക്കാന്‍ ആര്‍എസ്എസ്സിനെയും ബിജെപിയെയും അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നാഗ്പൂരിലിരുന്ന് അസമിനെ നിയന്ത്രിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗുവാഹത്തിയില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം രാജ്യം മുഴുവന്‍ വ്യാപിക്കുന്നതിനിടെ ജനങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ ബിജെപി തയ്യാറാവുന്നില്ലെന്ന് പറഞ്ഞ് രാഹുല്‍ ബിജെപി എല്ലായിടത്തും വിദ്വേഷം പ്രചരപ്പിക്കുകയാണെന്ന് വ്യക്തമാക്കി.

അസമിലെ യുവാക്കള്‍ പ്രതിഷേധിക്കുകയാണ്. മറ്റു സംസ്ഥാനങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നു. എന്തിനാണ് നിങ്ങള്‍ പ്രതിഷേധക്കാരെ വെടിവെച്ചു കൊല്ലാന്‍ ആഗ്രഹിക്കുന്നത്. ജനങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ ബിജെപിക്ക് താത്പര്യമില്ലന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസിന്റെ ‘ഭരണഘടനയെ രക്ഷിക്കൂ, രാജ്യത്തെ രക്ഷിക്കൂ’ ക്യാമ്പയിനിന്റെ ഭാഗമായാണ് രാഹുല്‍ അസമിലെത്തിയത്.

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ ചരിത്രത്തെയും സംസ്‌കാരത്തെയും അടിച്ചമര്‍ത്താം എന്നാണ് അവര്‍ കരുതുന്നത്. ബിജെപി സര്‍ക്കാരുകളുടെ നീക്കങ്ങള്‍ അസമിനെ വീണ്ടും അക്രമത്തിന്റെ പാതയിലേക്ക് നയിക്കുമോയെന്ന ആശങ്കയും രാഹുല്‍ ഗാന്ധി പ്രകടിപ്പിച്ചു.

Top