എണ്ണ പൈപ്പ്‌ലൈന്‍ സ്‌ഫോടനം;അസമിലെ ബുര്‍ഹി ദിഹിംഗ് നദിയില്‍ വന്‍ തീപിടിത്തം

ദിബ്രുഗഡ്: അസമിലെ ദിബ്രുഗഡ് ജില്ലയിലെ ബുര്‍ഹി ദിഹിംഗ് നദിയില്‍ വന്‍ തീപിടിത്തം. നദിയിലൂടെ കടന്നുപോകുന്ന എണ്ണ പൈപ്പ് ലൈനിലുണ്ടായ സ്‌ഫോടനത്തെത്തുടര്‍ന്നാണ് തീപിടിത്തമുണ്ടായത്. ഇതുവരെ തീ അണയ്ക്കാനായിട്ടില്ല.

ദിവസങ്ങളായി പ്രദേശത്ത് വന്‍ തീജ്വാലകള്‍ ഉയരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. ഓയില്‍ ഇന്ത്യ ലിമിറ്റഡിന്റെ ദുലിയാജന്‍ പ്ലാന്റില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ കടന്നുപോകുന്ന നദിയുമായി ബന്ധിപ്പിച്ച പൈപ്പിലാണ് സ്‌ഫോടനമുണ്ടായതെന്നും ഇതേത്തുടര്‍ന്നാണ് വന്‍ അഗ്‌നിബാധയുണ്ടായതെന്നും പ്രദേശവാസികള്‍ പറയുമ്പോഴും പൈപ്പ് ലൈന്‍ പൊട്ടിയതിനെ തുടര്‍ന്ന് നദിയില്‍ വ്യാപിച്ച എണ്ണയില്‍ ആരോ തീയിട്ടതാണെന്നും ഗ്രാമവാസികള്‍ സംശയമുന്നയിക്കുന്നുണ്ട്. മൂന്ന് ദിവസം മുമ്പ് നദിയില്‍ തീപിടിത്തമുണ്ടായതായി ഗ്രാമവാസികള്‍ പ്രാദേശിക ഭരണകൂടത്തെ അറിയിച്ചിരുന്നു. എന്നാല്‍ തീ അണയ്ക്കുന്നതിനും സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിനും അധികൃതര്‍ ഇതുവരെ ഒന്നും ചെയ്തിട്ടില്ല. സംഭവത്തിന്റെ വീഡിയോകള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

Top