പൗരത്വ പട്ടികയില്‍ നിന്ന് പുറത്തായെന്ന വ്യാജവാര്‍ത്ത; മധ്യവയസ്‌ക ആത്മഹത്യ ചെയ്തു

അസം : അന്തിമ ദേശീയ പൗരത്വ പട്ടികയില്‍ നിന്ന് പുറത്താവുമെന്ന് ഭയന്ന മധ്യവയസ്‌ക അസമില്‍ ആത്മഹത്യ ചെയ്തു. പൌരത്വം നഷ്ടപ്പെടുമെന്ന് എന്‍.ആര്‍.സി ഓഫീസര്‍ ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്നാണ് ആറുമാസമായി ഇവര്‍ മനപ്രയാസത്തിലായിരുന്നുവെന്ന് മരിച്ച സാഹിറ ഖാത്തൂന്റെ ബന്ധുക്കള്‍ പറഞ്ഞു.

അസം സോനിത് പൂര്‍ ജില്ലയിലെ ദുലാബരി ഗ്രാമത്തില്‍ താമസിക്കുന്ന സാഹിറ ഖാത്തൂന്‍ ആറുമാസം മുന്‍പ് പൌരത്വം തെളിയിക്കാനുള്ള രേഖകളുമായി എന്‍.ആര്‍.സി ഓഫീസിലെത്തിയപ്പോഴാണ് ഉദ്യോഗസ്ഥന്റെ വംശീയാധിക്ഷേപത്തിനിരയായത്. ബംഗ്ലാദേശി കുടിയേറ്റക്കാരിയെന്ന് വിളിച്ച ഉദ്യോഗസ്ഥന്‍ പൌരത്വം നഷ്ടപ്പെടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അന്നു മുതല്‍ മനപ്രയാസത്തിലായിരുന്ന സാഹിറ പട്ടിക പുറത്തിറങ്ങുന്ന ദിവസമെത്തിയതോടെ വലിയ പരിഭ്രാന്തിയിലായിരുന്നു. പട്ടികയിലുണ്ടാവില്ലെന്ന് ഇന്നലെ രാത്രി ഭര്‍ത്താവിനോട് പറയുകയും ചെയ്തിരുന്നു. രാവിലെ കിണറ്റില്‍ ചാടി മരിക്കുകയായിരുന്നു.

അതേസമയം ശനിയാഴ്ച പുറത്തുവന്ന ദേശീയ പൌരത്വ പട്ടികയില്‍ സാഹിറയുടെ പേര് ഉള്‍പ്പെട്ടിട്ടുണ്ട്.

Top