Assam Rifles inducts first batch of 100 women officers

ഗുവാഹത്തി: അസം റൈഫിള്‍സിലെ ആദ്യ വനിത ബാച്ച് പുറത്തിറങ്ങി. ഒന്നര നൂറ്റാണ്ടിലേറെയായി നിലനിന്നുപോന്ന ആണ്‍ക്കോയ്മക്ക് അന്ത്യം കുറിച്ചുകൊണ്ടാണ് വനിതകളുടെ ആദ്യ ബാച്ച് പരിശീലന പൂര്‍ത്തിയാക്കി പുറത്തിറങ്ങിയത്. നാഗാലാന്റിലെ ഷോഖുവിയിലാണ് പാസ്സിംഗ് ഔട്ട് നടന്നത്.

വ്യാഴാഴ്ച പാസിങ് ഔട്ട് പരേഡ് കഴിഞ്ഞ് പുറത്തിറങ്ങിയ ബാച്ചില്‍ 100 വനിതകളാണുള്ളത്. ലുസായ് കമ്പനി എന്നാണ് വനിതാ വിഭാഗത്തിന്റെ പേര്. അവിഭക്ത ആസമിലെ ചരിത്ര പ്രാധാന്യമുള്ള പര്‍വതത്തിന്റെ പേരാണ് ലുസായ്.

കേന്ദ്രവും സംസ്ഥാനവും സംയുക്തമായി നിയന്ത്രിക്കുന്ന അസം റൈഫ്ള്‍സില്‍ 127 വനിതകളെയാണ് ആദ്യം റിക്രൂട്ട് ചെയ്തതെങ്കിലും കായികമെഡിക്കല്‍ പരിശോധനകളില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് 27 പേര്‍ പുറത്താവുകയായിരുന്നു. ദിമാപൂര്‍ സ്‌കൂളില്‍ ഒരു വര്‍ഷമായി തുടരുന്ന പരിശീലനത്തിനായി ആര്‍മിയിലെ മൂന്ന് വനിതാ ഓഫിസര്‍മാരെയാണ് നിയോഗിച്ചിരുന്നത്.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെയുമാണ് ഈ കമ്പനി പ്രവര്‍ത്തിക്കുകയെന്ന് അസം റൈഫിള്‍സിന്റെ ചുമതലയുള്ള ലഫ്റ്റനന്റ് ജനറല്‍ എച്ച്.ജെ.എസ് സച്ദേവ് പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള അര്‍ധ സൈനിക വിഭാഗമാണ് അസം റൈഫിള്‍സ്.

Top