അസമില്‍ കനത്ത സുരക്ഷ; ദേശീയ പൗരത്വ പട്ടിക നാളെ പ്രസിദ്ധീകരിക്കും

ന്യൂഡല്‍ഹി:അസമില്‍ നാളെ ദേശീയ പൗരത്വ പട്ടിക പ്രസിദ്ധീകരിക്കുന്നതിനാല്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സംസ്ഥാന തലസ്ഥാനത്തും മറ്റ് പ്രദേശങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രകോപനപരമായ പ്രസ്താവനകള്‍ ജനങ്ങള്‍ മുഖവിലയ്ക്കെടുക്കരുതെന്ന് അസം പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

മതിയായ രേഖകളുടെ അഭാവത്തില്‍ ദേശീയ പൗരത്വ പട്ടികയില്‍ നിന്ന് നിരവധി ഇന്ത്യന്‍ പൗരന്മാരുടെ പേരുകള്‍ നീക്കം ചെയ്യപ്പെടാനും അര്‍ഹതയില്ലാത്തവരുടെ പേരുകള്‍ ഉള്‍പ്പെടാനും സാധ്യതയുണ്ടെന്ന് ബി.ജെ.പിയും കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് അന്തിമപ്പട്ടികയില്‍ പേരുള്‍പ്പെടാത്തവര്‍ക്ക് ആവശ്യമായ സുരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു.

എല്ലാ അസം പൗരന്മാര്‍ക്കും പട്ടികയില്‍ ഇടം നേടാനുള്ള അവസരം നല്‍കുമെന്ന് സംസ്ഥാനസര്‍ക്കാര്‍ ഉറപ്പ് നല്‍കിയതായി കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ ഔദ്യോഗിക അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. പട്ടികയില്‍ ഉള്‍പ്പെടാത്ത പൗരന്മാര്‍ക്ക് ട്രൈബ്യൂണലിനെ സമീപിക്കാമെന്ന് അറിയിപ്പില്‍ പറയുന്നു.

തിങ്കളാഴ്ച ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ അന്തിമപട്ടിക പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ചുള്ള ഉന്നതലയോഗം ചേര്‍ന്നിരുന്നു. അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍, കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗോബ, അസം ചീഫ് സെക്രട്ടറി അലോക് കുമാര്‍, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.

Top