അസം ദേശീയ പൗരത്വ രജിസ്റ്റര്‍ ; മമതാ ബാനര്‍ജിക്കെതിരെ ആഞ്ഞടിച്ച് അമിത് ഷാ

amith sha

കൊല്‍ക്കത്ത : അസം ദേശീയ പൗരത്വ രജിസ്റ്റര്‍ വിഷയത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ ആഞ്ഞടിച്ച് ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.

ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പൗരത്വ രജിസ്റ്ററിനെ എതിര്‍ക്കുകയാണ്. വോട്ട് ബാങ്കിനെക്കാളും ബിജെപിക്കു പ്രധാനം രാജ്യമാണ്. നിങ്ങള്‍ക്കു കഴിയുന്നത്രയും എതിര്‍ക്കുക പക്ഷേ ദേശീയ പൗരത്വ റജിസ്റ്റര്‍ നടപടികളില്‍നിന്ന് ഒരു പിന്നോട്ടുപോകില്ല. ഞങ്ങളെ ജനങ്ങള്‍ കാണാതിരിക്കാന്‍ ബംഗാളി ചാനലുകളുടെ സിഗ്‌നലുകള്‍ താഴ്ത്തുകയാണ്. ബിജെപിയുടെ ശബ്ദത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാലും ബംഗാളിലെ ഓരോ ജില്ലകളിലും കടന്നു ചെല്ലും. തൃണമൂലിനെ പുറത്താക്കും- അമിത് ഷാ പറഞ്ഞു.

കൊല്‍ക്കത്തയില്‍ യുവമോര്‍ച്ച റാലിയില്‍ പങ്കെടുക്കാന്‍ എത്തിയ അമിത് ഷാ ബിജെപിയുടെ പൊതുയോഗത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു. മമതാ ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസും എത്ര എതിര്‍ത്താലും പൗരത്വ റജിസ്റ്ററുമായി മുന്നോട്ടുപോകുമെന്ന് ബി ജെ പി അധ്യക്ഷന്‍ വ്യക്തമാക്കി.

റജിസ്റ്റര്‍ ഉണ്ടാക്കിയിരിക്കുന്നതു രാജ്യത്ത് അന്യായമായി കടന്നുകൂടിയവരെ പുറത്താക്കുന്നതിനാണ്. ബംഗ്ലദേശി കുടിയേറ്റക്കാരെ പുറത്താക്കണ്ടേ? നേരത്തേ ബംഗാളിലെ തെരുവുകളില്‍ എല്ലാ ദിവസവും രവീന്ദ്ര സംഗീതമായിരുന്നു കേട്ടിരുന്നത്. പക്ഷേ ഇപ്പോള്‍ സ്‌ഫോടന ശബ്ദമാണ് ഉണ്ടാകുന്നത്. ബംഗ്ലദേശി കുടിയേറ്റക്കാരെ എന്തിനാണു പിന്തുണയ്ക്കുന്നതെന്നു മമതാ ബാനര്‍ജി വ്യക്തമാക്കണെന്നും അമിത് ഷാ ചോദിച്ചു.

അസം ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ കരട് പട്ടികയില്‍ നിന്ന് 40 ലക്ഷത്തോളം പേരാണ് പുറത്തായിട്ടുള്ളത്. ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് ഉണ്ടായിരുന്നത് മമതാ ബാനര്‍ജിയും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കവിതാ രൂപത്തിലാണ് മമത വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നത്. സ്വത്വം എന്ന തലക്കെട്ടില്‍ മമത എഴുതിയ കവിത അവര്‍ ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ചിരുന്നു. ബംഗാളി ഭാഷയില്‍ എഴുതിയ കവിതയില്‍ ഖണ്ഡികകളാണുള്ളത്. ഇതിന്റെ ഇംഗ്ലീഷ് പരിഭാഷയും അവര്‍ ഫേസ്ബുക്ക് അക്കൗണ്ടില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ആരാണു നിങ്ങള്‍, എന്താണു നിങ്ങളുടെ കുടുംബപ്പേര്, ഏതാണു നിങ്ങളുടെ മതം എന്നു തുടങ്ങുന്ന ആദ്യ ഖണ്ഡിക, ഈ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലെങ്കില്‍ നിങ്ങള്‍ക്ക് ഈ ലോകത്ത് സ്ഥാനമില്ലെന്നു പറയുന്നു. എന്താണു നിങ്ങളുടെ സ്വത്വം, എവിടെയാണു നിങ്ങള്‍ ജീവിക്കുന്നത്, എവിടെയാണു നിങ്ങള്‍ പഠിച്ചത് എന്നു ചോദിക്കുന്ന രണ്ടാം ഖണ്ഡികയില്‍, ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ രാജ്യദ്രോഹിയാകുമെന്നും മമത പരിഹസിക്കുന്നു.

ദേശീയ പൗരത്വ പട്ടികയ്‌ക്കെതിരെ നേരത്തെയും മമത വിമര്‍ശനവുമായി രംഗത്തു വന്നിരുന്നു. രാഹുല്‍ഗാന്ധിയും സോണിയ ഗാന്ധിയും അടക്കമുള്ള നേതാക്കളുമായി മമത വിഷയത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. വിഷയത്തില്‍ വിവാദ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ അസം പൊലീസ് മമതയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍, ആഭ്യന്തരകലാപമുണ്ടാകുമെന്ന പരാമര്‍ശം താന്‍ നടത്തിയിട്ടില്ലെന്നും മമത ബാനര്‍ജി പറഞ്ഞു.

ബിജെപി സര്‍ക്കാര്‍ ഇന്ത്യാക്കാരെ ഭിന്നിപ്പിച്ച് ഭരിക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ രാജ്യത്ത് രക്തപ്പുഴ ഒഴുകുമെന്നും ജനകീയ പ്രക്ഷോഭമുണ്ടാകുമെന്നും ആയിരുന്നു മമതയുടെ ഭീഷണി.

Top