അസം ദേശീയ പൗരത്വ പട്ടിക ; ലോക്‌സഭയില്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ്

Loksabha

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം പുറത്തിറക്കിയ അസം ദേശീയ പൗരത്വ പട്ടിക സംബന്ധിച്ച് ലോക്‌സഭയില്‍ ബഹളം. പട്ടികയില്‍ നിന്നും 40 ലക്ഷത്തോളം പേരെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി.

ഈ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി ലോക്‌സഭയില്‍ കോണ്‍ഗ്രസ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. എം.പി അധിര്‍ രഞ്ജന്‍ ചൗധരിയാണ് നോട്ടീസ് നല്‍കിയത്.

ദേശീയ പൗരത്വപ്പട്ടികയില്‍ നിന്ന് 40 ലക്ഷം അസം സ്വദേശികള്‍ ഒഴിവാക്കപ്പെട്ട സംഭവം ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷിയോഗം വിളിക്കാന്‍ കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. രാജ്യസഭയില്‍ തൃണമൂല്‍ കോണ്‍ഗ്രസും സമാന വിഷയത്തില്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

നാഷണല്‍ രജിസ്റ്ററി ഓഫ് സിറ്റിസണ്‍ പുറത്ത് വിട്ട പട്ടികയില്‍ 40 ലക്ഷത്തോളം പേരാണ് പുറത്തായിട്ടുള്ളത്. അസമില്‍ ആകെയുള്ള 3.29 കോടി ജനങ്ങളില്‍ 2.89,83,677 ജനങ്ങള്‍ പൌരത്വം തെളിയിച്ചു.

ഉടനെ നാടുകടത്തല്‍ നടപടികളുണ്ടാകില്ലെന്നാണ് സംസ്ഥാന അധികാരികള്‍ നല്‍കുന്ന വിവരം. പൗരത്വ രജിസ്റ്ററില്‍നിന്ന് പുറത്താകുന്നവര്‍ക്ക് ആഗസ്റ്റ് 30 വരെ പരാതിയറിയിക്കാം.

കഴിഞ്ഞ ഡിസംബര്‍ 31 ന് അര്‍ധ രാത്രിയാണ് അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ ആദ്യ കരട് പട്ടിക പുറത്ത് വിട്ടിരുന്നത്. ഈ പട്ടികയില്‍ സംസ്ഥാനത്ത് ആകെയുള്ള 3.29 കോടി ജനങ്ങളില്‍ 1.9 കോടി പേര്‍ ഇടം പിടിച്ചിരുന്നു. അവശേഷിക്കുന്ന ഒന്നരക്കോടി ജനങ്ങളുടെ ഭാവി നിര്‍ണയിക്കുന്നതാണ് ഇന്ന് പ്രഖ്യാപിക്കുന്ന അന്തിമ കരട് പട്ടിക.

അതേസമയം ഇന്ന് പുറത്തിറങ്ങുന്ന പട്ടികയില്‍ ഒന്നര ലക്ഷത്തോളം പേര്‍ പുറത്തായേക്കുമെന്നാണ് സൂചന. പൗരത്വം തെളിയിക്കാന്‍ അസമിലെ ജനങ്ങള്‍ക്ക് കൃത്യമായ അവസരം ലഭിച്ചില്ലെന്ന് ആരോപണവുമുണ്ട്. 50,000 ത്തോളം സ്ത്രീകള്‍ ഉള്‍പ്പടെ 1.5 ലക്ഷത്തോളം പേര്‍ പട്ടികയില്‍ നിന്ന് പുറത്തായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ഉള്ളത്.

പട്ടിക പുറത്തിറങ്ങുന്നതിന്റെ ഭാഗമായി 22,000 പാരാമിലിട്ടറി ഉദ്യോഗസ്ഥരെ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. അസമിന്റെ അതിര്‍ത്തി പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കി.

ബംഗാളില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ ചൊല്ലി പ്രതിഷേധങ്ങള്‍ ഉടലെടുത്തതോടെയാണ് അസമില്‍ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചത്. 1971 ന് ശേഷം ബംഗ്ലാദേശില്‍ നിന്നും കുടിയേറിയവരെയാണ് പൗരത്വ രജിസ്‌ട്രേഷന്‍ പട്ടിക ബാധിക്കുക.

ജൂണ്‍ 30 ആയിരുന്നു പൗരത്വ രജിസ്റ്ററിന്റെ അന്തിമ കരട് പ്രസിദ്ധീകരിക്കാന്‍ സുപ്രീംകോടതി അനുവദിച്ചിരുന്ന അവസാന തീയതി. എന്നാല്‍ സംസ്ഥാനത്തുണ്ടായ കനത്ത വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഇത് ഒരുമാസം കൂടി നീട്ടി നല്‍കുകയായിരുന്നു.

Top