അസം ദേശീയ പൗരത്വ പട്ടിക ; മേഘാലയ അതിര്‍ത്തികളില്‍ പൊലീസ് പരിശോധന

ഗുവാഹത്തി: അസം ദേശീയ പൗരത്വ പട്ടിക വന്നതിന് പിന്നാലെ അസം-മേഘാലയ സംസ്ഥാനങ്ങളുടെ അതിര്‍ത്തികളില്‍ പൊലീസ് പരിശോധന കര്‍ശനമാക്കി. ഗുവാഹത്തി-ഷില്ലോങ് പാതയില്‍ ബിര്‍നിഹട്ടിലാണ് പൊലീസ് നുഴഞ്ഞു കയറ്റക്കാരെ കണ്ടെത്താന്‍ ഔട്ട്‌പോസ്റ്റ് സ്ഥാപിച്ചത്.

മേഘാലയയില്‍ വളരെ സ്വാധീനമുള്ള സംഘടനയായ ഖാസി സ്റ്റുഡന്റ്‌സ് യൂണിയന്‍ (കെ.എസ്.യു) പരിശോധനയില്‍ പൊലീസിനെ സഹായിക്കുന്നുണ്ട്. അസമുമായി അതിര്‍ത്തി പങ്കിടുന്ന എല്ലായിടത്തും പ്രത്യേക ചെക് പോയിന്റുകള്‍ ഒരുക്കിയിട്ടുണ്ട്.

അനധികൃത വിദേശ പൗരന്മാരെ കണ്ടെത്തുന്നതിനാണ് അസമില്‍ നിന്നുള്ള വാഹനങ്ങള്‍ പരിശോധിക്കുന്നത്. സ്വകാര്യ, ടാക്‌സി അടക്കം എല്ലാ വാഹനങ്ങളും തടഞ്ഞു നിര്‍ത്തുന്ന പൊലീസ് യാത്രക്കാരുടെ തിരിച്ചറിയല്‍ രേഖ പരിശോധിച്ച ശേഷമാണ് യാത്രാനുമതി നല്‍കുന്നത്.

അസം ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ കരട് പട്ടികയില്‍ നിന്ന് 40 ലക്ഷത്തോളം പേരാണ് പുറത്തായിട്ടുള്ളത്. ഇതിനെതിരെ പ്രതിഷേധങ്ങളും തുടരുന്നുണ്ട്.

Top