അസം – മേഘാലയ സംഘർഷത്തിൽ അയവ്; ഗതാഗത നിയന്ത്രണം നീക്കി

ഗുവാഹത്തി: അസം – മേഘാലയ അതിർത്തിയിലെ സംഘർഷത്തിൽ അയവ്. മേഖലയിൽ വാഹന ഗതാഗതത്തിന് ഏർപ്പെടുത്തിയ നിയന്ത്രണം നീക്കി. ക്രമസമാധാന നില മെച്ചപ്പെട്ട സാഹചര്യത്തിൽ മേഘാലയിലേക്ക് വാഹനങ്ങൾക്ക് സഞ്ചരിക്കാമെന്ന് അസം പോലീസ് അറിയിച്ചു. കഴിഞ്ഞ ആഴ്ച അതിർത്തിയിലുണ്ടായ സംഘർഷത്തിൽ ആറ് പേർ കൊല്ലപ്പെട്ടിരുന്നു. തടി കടത്തുമായി ബന്ധപ്പെട്ട നടപടി അസം പോലീസും ആൾക്കൂട്ടവും തമ്മിലുള്ള ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു.

മേഘാലയ അതിർത്തിയിലെ വെടിവെയ്പ് പ്രകോപനം ഇല്ലാതെയായിരുന്നുവെന്ന് അസം സർക്കാർ നേരത്തെ സമ്മതിച്ചിരുന്നു. കേന്ദ്രത്തിന് സംഘർഷത്തെക്കുറിച്ചുള്ള പ്രാഥമിക റിപ്പോർട്ടും അസം സർക്കാർ കൈമാറി കൈമാറി. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും കേന്ദ്രം നിർദ്ദേശിക്കുന്ന അന്വേഷണം അംഗീകരിക്കാമെന്നും അസം അറിയിച്ചു. അസം – മേഘാലയ അതിർത്തിയിലെ വെടിവെയ്പ്പിന്റെ പശ്ചാത്തലത്തിൽ മേഘാലയ മുഖ്യമന്ത്രി കൊർണാട് സാഗ്മ ആഭ്യന്തര മന്ത്രി അമിത് ഷായുമായി നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. സംഭവത്തെ കുറിച്ച് സിബിഐയോ എൻഐഎയോ അന്വേഷണം നടത്തണമെന്നാണ് മേഘാലയ മുഖ്യമന്ത്രിയുടെ ആവശ്യം.

മൂന്ന് ദിവസം മുൻപ് അതിർത്തിയിലുണ്ടായ വെടിവെപ്പിൽ അസം വനം വകുപ്പ് ഉദ്യോഗസ്ഥനും മേഘാലയയിൽ നിന്നുള്ള അഞ്ച് പേരുമാണ് കൊല്ലപ്പെട്ടത്. അതിർത്തി മേഖലയിലെ മരംമുറിക്കലുമായി ബന്ധപ്പെട്ട തർക്കമാണ് വെടിവെപ്പിൽ കലാശിച്ചത്. അനധികൃതമായി മരം മുറിച്ച് കടത്തുന്നത് വനംവകുപ്പ് തടഞ്ഞപ്പോഴാണ് സംഘർഷം ഉണ്ടായതെന്നാണ് അസമിന്റെ വാദം. തടി മുറിച്ച് കടത്തിയവരെ അസം വനം വകുപ്പ് പിടികൂടി. ഇവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം ആളുകൾ ഓഫീസ് വളഞ്ഞതോടെയാണ് സംഘർഷമുണ്ടായത്. വെസ്റ്റ് ജയന്തി ഹിൽസ് മേഖലയിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ട മേഘാലയ സ്വദേശികൾ. അസം വനംവകുപ്പിലെ ഹോം ഗാർഡാണ് കൊല്ലപ്പെട്ട മറ്റൊറരാൾ. കൂടുതൽ പൊലീസ് സേനയെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട മേഘലായ സ്വദേശികൾ ഖാസി സമുദായ അംഗങ്ങളാണ്.

Top