കോവിഡ് ബാധിച്ച് മരിച്ചവരുടെ വിധവകള്‍ക്ക് സഹായവുമായി അസം സര്‍ക്കാര്‍

അസം: കൊവിഡ് ബാധിച്ചു മരിച്ചവരുടെ വിധവകള്‍ക്ക് അസം സര്‍ക്കാര്‍ ധനസഹായം നല്‍കി. അഞ്ച് ലക്ഷം രൂപയില്‍ കുറവ് വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങള്‍ക്കാണ് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വാസ ശര്‍മയുടെ പദ്ധതിയില്‍ 2.5 ലക്ഷം രൂപ ഒറ്റത്തവണയായി നല്‍കിയത്. മുഖ്യമന്ത്രിയുടെ കൊവിഡ് 19 വിധവാ സഹായ നിധിയുടെ കീഴില്‍ 176 പേര്‍ക്ക് സഹായധനം ഞായറാഴ്ച വിതരണം ചെയ്തു. എട്ട് ജില്ലകളില്‍ നിന്ന് 176 പേര്‍ക്കാണ് പ്രാഥമിക ഘട്ടത്തില്‍ ഈ സഹായം നല്‍കിയത്.

873 പേരാണ് ഈ പദ്ധതിക്ക് കീഴില്‍ ധനസഹായത്തിന് അര്‍ഹരായവരെന്ന് കണ്ടെത്തിയിട്ടുള്ളത്. ഇവര്‍ക്കുള്ള ധനസഹായം ഉടന്‍ നല്‍കുമെന്നും അസം മുഖ്യമന്ത്രി വ്യക്തമാക്കി. 6159 പേരാണ് ഇതിനോടകം കൊവിഡ് ബാധിച്ച് അസമില്‍ മരിച്ചിട്ടുള്ളത്. നിലവില്‍ 873 വിധവകളെയാണ് കണ്ടെത്താനായിട്ടുള്ളതെന്നും ഇത് 2000 മുതല്‍ 2500 വരെ എത്താനുള്ള സാധ്യതകള്‍ ഉണ്ടെന്നും അര്‍ഹരായവരെ കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി വിശദമാക്കി.

രക്ഷിതാക്കളെ കൊവിഡ് ബാധിച്ച് നഷ്ടമായ കുട്ടികള്‍ക്ക് മാസം തോറും 3500 രൂപ ധനസഹായം നല്‍കുന്ന പദ്ധതി ഇതിനോടകം അസം ആരംഭിച്ചിട്ടുണ്ട്. കൊവിഡ് മഹാമാരി മൂലമുണ്ടായ നഷ്ടം നികത്തുന്നതിന് ആവശ്യമായ നടപടികള്‍ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തണമെന്ന് ധനമന്ത്രിയോട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി വിശദമാക്കി.

 

Top