അടവുകളൊക്കെ പൊളിഞ്ഞു; പുതിയ തന്ത്രങ്ങള്‍ പയറ്റി അസം സര്‍ക്കാര്‍

ഗുവഹാട്ടി: പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ രാജ്യമെമ്പാടും പ്രതിഷേധം അലയടിക്കുകയാണ്. ജനം നിയമത്തെ എതിര്‍ക്കുമ്പോള്‍ നിമയത്തെ കുറിച്ച് അവരെ ബോധ്യപ്പെടുത്തുന്നതില്‍ ബിജെപിയ്ക്ക് വന്‍ പരാജയമാണ് നേരിടേണ്ടി വരുന്നത്.  ഇപ്പോഴിതാ അതിന് മറുമരുന്നുമായി രംഗത്ത് വന്നിരിക്കുകയാണ് അസ്സമിലെ ബി.ജെ.പി. സര്‍ക്കാര്‍. തദ്ദേശീയരുടെ അവകാശ സംരക്ഷണത്തിന് നിയമവുമായിട്ടാണ് അസം സര്‍ക്കാരിന്റെ പുതിയ അടവ്.

തദ്ദേശീയരുടെ ഭാഷയും ഭൂമിയും സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്നാണ് അസം സര്‍ക്കാരിന്റെ വാദം. ഭൂമി അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയ മന്ത്രി ഹിമാന്ത ബിശ്വ ശര്‍മ, തദ്ദേശീയരുടെ ഭൂമി അവരുടേതായി തന്നെ നിലനില്‍ക്കുന്നതിന് സംസ്ഥാനം രണ്ട് നിയമങ്ങള്‍ നിര്‍മിക്കുമെന്ന് അറിയിച്ചു.

‘സാമ്പത്തികമോ മറ്റ് കാരണങ്ങളാലോ അസമിലെ തദ്ദേശീയര്‍ മറ്റ് സ്ഥലങ്ങളിലേക്ക് പോകുമ്പോള്‍ ഭൂമി ഉപേക്ഷിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും, പുതിയ ബില്‍ അനുസരിച്ച് തദ്ദേശീയരുടെ ഭൂമി തദ്ദേശീയര്‍ക്ക് മാത്രമേ വാങ്ങാന്‍ സാധിക്കുകയുള്ളൂവെന്നും ശര്‍മ്മ പറഞ്ഞു. നിയമത്തിന്റെ രീതികള്‍ ചര്‍ച്ച ചെയ്ത ശേഷം അടുത്ത നിയമസഭാ സെഷനില്‍ ബില്‍ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  സത്ര ഭൂമിയും പൈതൃക സ്ഥലങ്ങളും സംരക്ഷിക്കുന്നതിനാണ് മറ്റൊരു നിയമം.

അസമീസ്, സംസ്ഥാനത്തെ ഭാഷയാക്കണം എന്നതാണ് മറ്റൊരു പ്രധാന ആവശ്യം. ഇതിനായി ആര്‍ട്ടിക്കിള്‍ 345 ഭേദഗതി ചെയ്യണമെന്നാവശ്യപ്പ് കേന്ദ്ര സര്‍ക്കാരിനെ സമീപിക്കും. ബറക് വാലി, ബോഡോലാന്‍ഡ് പ്രദേശത്തെ ജില്ലകള്‍, പര്‍വത ജില്ലകള്‍ എന്നിവിടങ്ങളിലൊഴികെ അസമീസ് പ്രധാന ഭാഷയാക്കണം എന്നാണ് ആവശ്യം.

പത്താം ക്ലാസ് വരെയുള്ള എല്ലാ ഇംഗ്ലീഷ്, മറ്റ് മീഡിയം സ്‌കൂളുകളിലും അസമീസ് ഭാഷ നിര്‍ബന്ധിത വിഷയമാക്കി മാറ്റുന്ന നിയമം അടുത്ത നിയമസഭാ സമ്മേളനത്തില്‍ സര്‍ബാനന്ദ സോനോവാള്‍ സര്‍ക്കാര്‍ അവതരിപ്പിക്കും.

 

 

Top