ഇലക്ട്രിക് ബസുകള്‍ പരീക്ഷിക്കാന്‍ ഒരുങ്ങി അസം സര്‍ക്കാര്‍

പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് ബദലായി ഇലക്ട്രിക് ബസുകള്‍ പരീക്ഷിക്കാനൊരുങ്ങി അസം സര്‍ക്കാര്‍.

പരീക്ഷണാടിസ്ഥാനത്തിലാണ് ഇലക്ട്രിക് ബസുകള്‍ ഓടിക്കാന്‍ രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് അസം ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുമായി ധാരണാ പത്രത്തില്‍ ഒപ്പിട്ടിരിക്കുന്നത്.

ബസില്‍ 26 മുതല്‍ 34 യാത്രക്കാര്‍ക്ക് വരെ ഒരേ സമയം സഞ്ചരിക്കാന്‍ സാധിക്കും. 9 മീറ്റര്‍ നീളമുള്ള ഇലക്ട്രിക് ബസ് ഗുവാഹട്ടിയില്‍ ഓടാന്‍ തുടങ്ങി.

ഏഴ് ദിവസമായിരിക്കും പരീക്ഷണ ഓട്ടം. നേരത്തെ ഷിംലയിലും ഛണ്ഡീഗഢിലും ഇതേ രീതിയില്‍ ടാറ്റ പരീക്ഷണ ഓട്ടം പൂര്‍ത്തിയാക്കിയിരുന്നു.

ഛണ്ഡീഗഢില്‍ 70 ശതമാനം ബാറ്ററി ചാര്‍ജ് ഉപയോഗിച്ച് 143 കിലോമീറ്റര്‍ ദൂരവും ഷിംലയില്‍ ഒറ്റചാര്‍ജില്‍ 160 കിലോമീറ്റര്‍ ദൂരവും പിന്നിടാന്‍ ഇലക്ട്രിക് ബസിന് സാധിച്ചു.

Top