ഗുവാഹാട്ടിയില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ പിന്‍വലിച്ച് അസം സര്‍ക്കാര്‍

ഗുവാഹാട്ടി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ ഗുവാഹാട്ടിയില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ പിന്‍വലിച്ച് അസം സര്‍ക്കാര്‍. വലിയ തോതില്‍ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു ഗുവാഹാട്ടിയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചത്.

മുഖ്യമന്ത്രി സര്‍ബാനന്ദ സൊനോവാളിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷമാണ് കര്‍ഫ്യൂ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ഇന്ന് രാവിലെ ആറ് മുതലാണ് കര്‍ഫ്യൂ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. കര്‍ഫ്യൂ പിന്‍വലിച്ചതിനെ തുടര്‍ന്ന് നഗരത്തിലെ കടകളും വ്യവസായ സ്ഥാപനങ്ങളും ഇന്നുമുതല്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നും ഗതാഗത സംവിധാനങ്ങള്‍ സാധാരണ നിലയിലാകുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ ചൊവ്വാഴ്ച മുതല്‍ പുനസ്ഥാപിക്കുന്നതായിരിക്കുമെന്നും അസം സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

പൗരത്വ ഭേദഗതി നിയമത്തിനെതിരേ ജനങ്ങളുടെ പ്രതിഷേധം അക്രമത്തിലേക്ക് നീങ്ങിയതിനെ തുടര്‍ന്നായിരുന്നു ഡിസംബര്‍ 11 മുതല്‍ ഗുവാഹാട്ടിയില്‍ കര്‍ഫ്യു പ്രഖ്യാപിച്ചത്. ഇവിടെ പൊലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായിരുന്ന ഏറ്റുമുട്ടലില്‍ അഞ്ച് പേര്‍ മരിക്കുകയും ചെയ്തിരുന്നു.

സംസ്ഥാനത്തെ ക്രമസമാധാന നില കൂടതല്‍ മെച്ചപ്പെട്ടെന്നും നിലവില്‍ പ്രതിഷേധക്കാരായ 190 ആളുകളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അസം പൊലീസ് മേധാവി ഭാസ്‌കര്‍ജ്യോതി മഹാന്‍ത പറഞ്ഞു.

Top